സുൽത്താൻ ബത്തേരി: തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കൗൺസിലർക്ക് മർദനമേറ്റ സംഭവത്തിൽ സുൽത്താൻ ബത്തേരിയിൽ വിവാദം കത്തുന്നു. യു.ഡി.എഫ് ആരോപണങ്ങൾക്കെതിരെ എൽ.ഡി.എഫും ശക്തമായി രംഗത്ത് വന്നതോടെ രാഷ്ട്രീയ കൊമ്പ് കോർക്കൽ ശക്തമാകുകയാണ്. തിങ്കളാഴ്ച യു.ഡി.എഫ് നഗരസഭ ഓഫിസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
മാർച്ചിനെ ശക്തമായി നേരിടുമെന്നാണ് എൽ.ഡി.എഫ് ഭരണസമിതി അറിയിച്ചത്. പാളാക്കര വാർഡിൽ നിന്നും വിജയിച്ച യു.ഡി.എഫ് കൗൺസിലർ കെ.എസ്. പ്രമോദിന് മർദനമേറ്റെന്ന് ആരോപിച്ചാണ് യു.ഡി.എഫ് രംഗത്തു വന്നത്. തേലംപറ്റയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ കെ.എസ്. പ്രമോദിനെ സി.പി.എം പ്രവർത്തകരായ ഏതാനും പേർ ആക്രമിച്ചെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.
ആക്രമണത്തിന് നേതൃത്വം വഹിച്ചത് നഗരസഭയിൽ പാർട്ട് ടൈം സ്വീപ്പറായി ജോലി ചെയ്യുന്ന സി.പി.എം പ്രവർത്തകനാണെന്നും യു.ഡി.എഫ് ആരോപിച്ചു. സ്വീപ്പറെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് യു.ഡി.എഫ് തിങ്കളാഴ്ച മുനിസിപ്പൽ ഓഫിസിലേക്ക് മാർച്ച് നടത്തുന്നത്.
എന്നാൽ, സ്വീപ്പറെ പിരിച്ചുവിടുന്ന പ്രശ്നമില്ലെന്നും അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ട് അറസ്റ്റ് ചെയ്താൽ മാത്രമേ അത്തരം നടപടി മുനിസിപ്പാലിറ്റി കൈക്കൊള്ളൂവെന്നുമാണ് ചെയർമാൻ ശനിയാഴ്ച വ്യക്തമാക്കിയത്.
തേലംപറ്റ വാർഡിലെ ആദിവാസി കോളനിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ പ്രമോദിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് പ്രവർത്തകർ മദ്യവുമായി എത്തിയപ്പോഴാണ് വാക്കുതർക്കം ഉണ്ടായതെന്നാണ് നഗരസഭ ചെയർമാൻ ടി.കെ. രമേശ്, കൗൺസിലർമാരായ കെ.സി. യോഹന്നാൻ, കെ. റഷീദ്, എൽസി പൗലോസ്, പി.എസ്. ലിഷ എന്നിവർ പറയുന്നത്.
മുമ്പ് സി.പി.എം പ്രവർത്തകനായ പ്രമോദ് യു.ഡി.എഫിലേക്ക് ചേക്കേറി വീണ്ടും മത്സരിച്ചാണ് കൗൺസിലറായത്. അതിന്റെ വൈരാഗ്യത്തിലാണ് പ്രമോദിനെ ചിലർ മർദിച്ചതെന്ന യു.ഡി.എഫ് ആരോപണം വസ്തുതകൾക്ക് നിരക്കാത്തതാണ്. യു.ഡി.എഫ് ഉന്നയിക്കുന്ന ആരോപണങ്ങൾക്കെതിരെ മുനിസിപ്പാലിറ്റിയിലുടനീളം അടുത്ത ദിവസങ്ങളിൽ എൽ.ഡി.എഫ് പ്രചാരണ പൊതുയോഗങ്ങൾ നടത്തുമെന്നും കൗൺസിലർമാർ വ്യക്തമാക്കി.
സുൽത്താൻ ബത്തേരി: കൗൺസിലർക്ക് മർദനമേറ്റ വിവാദ വിഷയം ഇപ്പോൾ സുൽത്താൻ ബത്തേരി പൊലീസിന്റെ പരിഗണനയിലാണ്. പ്രമോദിനെതിരെ എൽ.ഡി.എഫ് പരാതി കൊടുത്തിട്ടുണ്ട്.
ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. അതേസമയം, കോളനികളിൽ മദ്യം എത്തിച്ച് വോട്ട് നേടാൻ ശ്രമിച്ചെന്ന സി.പി.എം ആരോപണം ശുദ്ധ അസംബന്ധമാണെന്ന് കോൺഗ്രസ് സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്റ് അഡ്വ. സതീഷ് പൂതിക്കാട് പറഞ്ഞു. മദ്യം കൊടുത്ത് രാഹുൽ ഗാന്ധിക്ക് വോട്ട് നേടേണ്ട ഗതികേട് യു.ഡി.എഫിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.