സുൽത്താൻ ബത്തേരി: രാഷ്ട്രീയ വിവാദങ്ങൾക്കിടെ സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.എൽ. സാബു അവധിയിൽ പ്രവേശിച്ചു.തിങ്കളാഴ്ച മുതലാണ് അവധി. ആരോഗ്യപരമായ കാരണങ്ങളാൽ അവധിയെടുക്കുന്നുവെന്നാണ് ചെയർമാെൻറ വിശദീകരണം.
എന്നാൽ, ചെയർമാനെതിരെ യു.ഡി.എഫ് രംഗത്തിറങ്ങിയ സാഹചര്യത്തിൽ അവധിയിൽ പ്രവേശിക്കാൻ സി.പി.എം നേതൃത്വം നിർദേശിച്ചതായാണ് വിവരം. ചെയർമാെൻറ ചുമതല വൈസ് ചെയർപേഴ്സൻ ജിഷ ഷാജിക്ക് നൽകി. കഴിഞ്ഞ 30ന് ബൈപാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദങ്ങൾ ഏതാനും ദിവസങ്ങളായി സുൽത്താൻ ബത്തേരിയിൽ സജീവമാണ്.
ബത്തേരിയിലെ ഒരു വാട്സ് ആപ് ഗ്രൂപ്പിനെ ഉദ്ഘാടന പ്രസംഗത്തിൽ കന്നുകാലി ഗ്രൂപ്പെന്ന് ചെയർമാൻ വിളിച്ചതാണ് വിവാദമായത്. ഗ്രൂപ്പിൽ അംഗമായ ചെയർമാനെ ഗ്രൂപ്പിലൂടെത്തന്നെ ചില അംഗങ്ങൾ ചോദ്യം ചെയ്തു. ഇത് കൂടുതൽ വിവാദത്തിന് ഇടയാക്കി. ഒരംഗത്തെ ചെയർമാൻ വ്യക്തിപരമായി ആക്ഷേപിക്കുന്ന ശബ്ദം ചില വാട്സ് ആപ് ഗ്രൂപ്പുകളിൽ പ്രചരിച്ചു.
ഇത് ഏറ്റുപിടിച്ച് ചെയർമാനും സി.പി.എമ്മിനുമെതിരെ യു.ഡി.എഫ് രംഗത്തിറങ്ങി. സമൂഹ മാധ്യമങ്ങളിലെ വ്യക്തിപരമായ ആക്ഷേപങ്ങളിൽ ആരായാലും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി വിഷയത്തിൽ പ്രതികരിച്ചിരുന്നു. ചെയർമാനുമായി സംസാരിച്ചതിനുശേഷം വിശദീകരണമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് വിശ്രമത്തിൽ പ്രവേശിക്കുകയാണെന്നാണ് ചെയർമാെൻറ വിശദീകരണം. ഇടത് നേതൃത്വം ആവശ്യപ്പെട്ടതുകൊണ്ടല്ല അവധിയെടുത്തത്. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ നഗരസഭ ഓഫിസിലെത്തുന്ന ജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് വൈസ് ചെയർപേഴ്സന് ചുമതല കൊടുത്തത്. 25നു ശേഷം അവധി കഴിഞ്ഞ് തിരിച്ച് ചെയർമാെൻറ കസേരയിൽ എത്തുമെന്നും ടി.എൽ. സാബു 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.