സുൽത്താൻ ബത്തേരി: നഗരസഭയിൽ യു.ഡി.എഫിനുണ്ടായ കനത്ത തോൽവിയിൽ തലപുകച്ച് നേതാക്കളും സ്ഥാനാർഥികളും. അമിത ആത്മവിശ്വാസവും ഏകോപനക്കുറവും കുഴപ്പമായെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. 2015ൽ നഗരസഭയാകുന്നതിന് മുമ്പ് മൂന്നര പതിറ്റാണ്ടിലേറെയാണ് സുൽത്താൻ ബത്തേരി പഞ്ചായത്തിൽ യു.ഡി.എഫ് ഭരിച്ചത്. നഗരസഭയായതിന് ശേഷം 2015ൽ കപ്പിനും ചുണ്ടിനുമിടയിൽ അധികാരം നഷ്ടപ്പെട്ടപ്പോഴും അടുത്ത തവണ തിരിച്ചുവരാമെന്ന പ്രതീക്ഷയിലായിരുന്നു യു.ഡി.എഫ് കേന്ദ്രങ്ങൾ.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് ശേഷം സീറ്റ് മോഹികളുടെ വലിയ അടിയാണ് ഇത്തവണയും കോൺഗ്രസിലുണ്ടായത്. ഇടതുപക്ഷം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും കോൺഗ്രസിൽ തർക്കങ്ങൾ തുടരുകയായിരുന്നു.
ലീഗ് ഒരു പടികൂടി നേരത്തേ സ്ഥാനാർഥികളെ തീരുമാനിച്ചെങ്കിലും കോൺഗ്രസിലെ ഐക്യമില്ലായ്മയിൽ സ്ഥാനാർഥി പ്രഖ്യാപനം അവരും നീട്ടിവെച്ചു. 35ൽ 20ൽ കോൺഗ്രസ് മത്സരിച്ചപ്പോൾ 14ൽ ലീഗും ഒന്നിൽ ജോസഫ് ഗ്രൂപ്പും നിന്നു. പ്രചാരണം തുടങ്ങിയതിന് ശേഷമാണ് മന്തണ്ടിക്കുന്നിൽ കോൺഗ്രസിന് വിമതൻ വെല്ലുവിളിയായത്.
തുടർന്ന് ഡിവിഷനിലെ ഏതാനും പേരെ ഡി.സി.സി പുറത്താക്കി. ഏതായാലും എൽ.ഡി.എഫിലെ ടോം ജോസിന് എളുപ്പത്തിൽ ജയിക്കാനുള്ള അവസരം കോൺഗ്രസുകാർ തന്നെ ഒരുക്കിക്കൊടുക്കുകയായിരുന്നു. കല്ലുവയലിലും ഇതേ പ്രശ്നമുണ്ടായി. സുൽത്താൻ ബത്തേരിയിലെ കോൺഗ്രസ് നേതൃനിരയിൽ പ്രമുഖനായ ബാബു പഴുപ്പത്തൂർ കുപ്പാടി വാർഡ് തെരഞ്ഞെടുത്തതിലും അഭിപ്രായ ഐക്യമില്ലായ്മയുണ്ടായിരുന്നു.
സ്ഥാനാർഥി മോഹവുമായി നടന്നവരെ തഴഞ്ഞാണ് ബാബു കുപ്പാടിയിലെത്തിയത്. എൽ.ഡി.എഫിലെ കെ. റഷീദാണ് ബാബുവിനെ വീഴ്ത്തിയത്. യു.ഡി.എഫ് വോട്ടുകൾ എൽ.ഡി.എഫിലേക്ക് മറിഞ്ഞതാണ് തോൽവിക്ക് കാരണമെന്ന് ബാബു 'മാധ്യമ'ത്തോട് പ്രതികരിച്ചു. ഘടക കക്ഷിയിലെ ചില വോട്ടർമാർ മാറി ചെയ്തതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
16 വോട്ടിനാണ് ബാബു തോറ്റത്. കുപ്പാടിക്കടുത്തുള്ള കോട്ടക്കുന്ന് വാർഡ് കോൺഗ്രസിെൻറ സിറ്റിങ് വാർഡായിരുന്നു. യുവനിരയിലെ കെ.വി. ശ്രീലക്ഷ്മിയെ ഇറക്കിയിട്ടും ഈ വാർഡ് നിലനിർത്താൻ കഴിയാത്തത് സംഘാടനത്തിലെ പിഴവാണെന്ന ആക്ഷേപം പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്.
2015ൽ 13 ഇടത്ത് മത്സരിച്ച ലീഗ് ഇത്തവണ ഒരു സീറ്റ് കൂടി കോൺഗ്രസിനോട് ചോദിച്ചു വാങ്ങുകയായിരുന്നു. അഞ്ചിടത്ത് മാത്രം ജയിക്കാനേ ലീഗിനായുള്ളൂ. സുൽത്താൻ ബത്തേരി ടൗൺ ഡിവിഷൻ, മണിച്ചിറ, ദൊട്ടപ്പൻകുളം, ചെതലയം, ബീനാച്ചി, കൈപ്പഞ്ചേരി, മൈതാനിക്കുന്ന്, വേങ്ങൂർ നോർത്ത്, ഫെയർലാൻറ് വാർഡുകളിൽ ലീഗ് തകരുകയും സി.പി.എം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു.
ലീഗ് കേന്ദ്രങ്ങൾക്ക് തോൽവി അപ്രതീക്ഷിത തിരിച്ചടിയായി. ആറാം മൈൽ, പള്ളിക്കണ്ടി, ചീനപ്പുല്ല്, ആർമാട്, കൈവട്ടമൂല ഡിവിഷനുകളിൽ വിജയിച്ചെങ്കിലും ചെറിയ ഭൂരിപക്ഷമാണ് ലഭിച്ചത്. മണിച്ചിറയിൽ തോൽക്കാൻ കാരണം വെൽഫെയർ പാട്ടിയുടെ സാന്നിധ്യമാണ്. 32 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫിലെ ഷാമില ജുനൈസ് ലീഗിെൻറ റജ്ല റഫീക്കിനെ തോൽപിച്ചത്.
വെൽഫെയർ പാട്ടിയുടെ നസിയ ഷമീറിന് 171 വോട്ടുകൾ കിട്ടി. സ്ഥാനാർഥി നിർണയത്തിൽ വലിയ അപാകതയുണ്ടായെന്നാണ് സുൽത്താൻ ബത്തേരിയിലെ തെരഞ്ഞെടുപ്പ് ചുമതല വഹിച്ച ലീഗ് നേതാവ് പ്രതികരിച്ചത്.
ലീഗ് കൂടുതൽ ജനറൽ വാർഡുകളിൽ മത്സരിച്ചപ്പോൾ കോൺഗ്രസിലെ ചിലരെ അത് അലോസരപ്പെടുത്തി. വോട്ടുകൾ നഷ്ടപ്പെടാൻ അത് കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കണം. എൽ.ഡി.എഫിലെ പോലെ ഉയർത്തിക്കാട്ടാൻ യു.ഡി.എഫിൽ പൊതുസമ്മതനായ ഒരു നേതാവ് ഇല്ലാതെപോയതും വലിയ ന്യൂനതയായി അദ്ദേഹം പറഞ്ഞു.
ഇപ്പോഴുള്ള തകർച്ചയിൽ നിന്നും സുൽത്താൻ ബത്തേരിയിലെ കോൺഗ്രസിനും ലീഗിനും കരകയറാൻ ഏറെ ശ്രമങ്ങൾ നടത്തേണ്ടി വരുമെന്നുറപ്പാണ്. യു.ഡി.എഫ് യോഗം അടുത്ത ദിവസം ചേരുമെന്ന് നേതാക്കൾ പറഞ്ഞു. വോട്ട് മറിഞ്ഞുവെന്ന് ആരോപണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ യു.ഡി.എഫ് യോഗത്തിന് ചൂടേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.