സുല്‍ത്താന്‍ ബത്തേരി: സഹകരണ അര്‍ബൻ ബാങ്ക് ഭരണസമിതിയംഗങ്ങളില്‍ എട്ടുപേരെ പ്രാഥമിക അംഗത്വത്തില്‍നിന്ന് അയോഗ്യരാക്കിയത് ഹൈകോടതി സ്റ്റേ ചെയ്തു. 10 ദിവസത്തേക്കാണ് സ്റ്റേ. 10 ദിവസത്തിനുശേഷം കേസ് പരിഗണിക്കും. സഹകരണ ജോയന്റ് രജിസ്ട്രാര്‍ (ജനറല്‍) ആണ് അയോഗ്യരാക്കിയത്.
ഡി.പി. രാജശേഖരന്, വി.ജെ. തോമസ്, ബേബി വര്‍ഗീസ്, ടി.ജെ. അബ്രഹാം, കെ.കെ. നാരായണന്‍കുട്ടി, റീത്ത സ്റ്റാന്‍ലി, ജിനി തോമസ്, ശ്രീജി ജോസഫ് എന്നിവരെയാണ് അയോഗ്യരാക്കിയത്. ഇതില്‍ രാജശേഖരന് ബാങ്ക് ചെയര്‍മാനും തോമസ് വൈസ് ചെയര്‍മാനുമാണ്. മൂലങ്കാവ് കളത്തില്‍ പി.ആര്. ജയപ്രകാശ്, ബാങ്ക് അംഗം എ.എ. അനുമോദ്കുമാര്‍ എന്നിവര്‍ വെവ്വേറെ നല്കിയ പരാതിയും ബത്തേരി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറുടെ 2023 നവംബര്‍ 30ലെ കത്തും അടിസ്ഥാനമാക്കിയാണ് ജോയന്റ് രജിസ്ട്രാറുടെ നടപടി. എട്ടുപേരും മറ്റു ക്രെഡിറ്റ് സംഘങ്ങളില്‍ അംഗങ്ങളായിരിക്കെയാണ് അര്‍ബന്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
അര്‍ബന്‍ ബാങ്ക് ഭരണഘടന ഇത് അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ജയപ്രകാശിന്റെയും അനുമോദ്കുമാറിന്റെയും പരാതി. ഇത് പരിശോധിച്ച ജോയന്റ് രജിസ്ട്രാര്‍, അംഗത്വമെടുക്കുന്ന തീയതിയില്‍ എട്ടുപേര്‍ക്കും പ്രാഥമിക അംഗത്വത്തിന് അയോഗ്യതയുണ്ടെന്ന് കണ്ടെത്തിയായിരുന്നു നടപടി. ദീര്‍ഘകാലം അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ഭരണത്തിലായിരുന്ന ബാങ്കില്‍ യു.ഡി.എഫ് ഭരണസമിതി സെപ്റ്റംബര്‍ 15നാണ് ചുമതലയേറ്റത്. ഡയറക്ടര്‍ ബോര്‍ഡില്‍ മുസ്ലിം ലീഗിലെ ഒരാള്‍ ഒഴികെയുള്ളവര്‍ കോണ്‍ഗ്രസുകാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.