സുൽത്താൻ ബത്തേരി: കോൺഗ്രസ് ഭരിക്കുന്ന സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്ന ആരോപണത്തിൽ പാർട്ടി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് രണ്ടു ദിവസത്തിനുള്ളിൽ കെ.പി.സി.സിക്ക് സമർപ്പിക്കും. റിപ്പോർട്ട് ഡി.ടി.പിയിൽ തയാറാക്കുന്ന ജോലികൾ ചൊവ്വാഴ്ചയും പുരോഗമിച്ചു. പ്രഥമദൃഷ്ട്യാ അഴിമതി നടന്നോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കാൻ അന്വേഷണ സമിതി അംഗങ്ങൾ തയാറായിട്ടില്ല. റിപ്പോർട്ട് കെ.പി.സി.സിക്ക് എത്തിക്കുന്നതല്ലാതെ ഒരു കാര്യവും പുറത്തുപറയാനാവില്ലെന്ന് അന്വേഷണ സമിതി അംഗം ഡി.പി. രാജശേഖരൻ പറഞ്ഞു.
എം.എൽ.എയും ഡി.സി.സി പ്രസിഡൻറുമായ ഐ.സി. ബാലകൃഷ്ണൻ ഉൾപ്പെടെ മൂന്നു നേതാക്കൾക്കെതിരെയാണ് ഒരു മാസം മുമ്പ് കോഴ ആരോപണം ഉയർന്നത്. ഇതിനുശേഷമാണ് കോൺഗ്രസിലെ കൂടുതൽ നേതാക്കൾക്കെതിരെ കോഴ ആരോപണം ഉന്നയിച്ച് കെ.പി.സി.സിക്ക് കത്ത് പോയത്. ഡി.സി.സി സെക്രട്ടറി ആർ.പി. ശിവദാസിെൻറ പേരിൽ അയച്ച കത്തിൽ താൻ നിരപരാധിയാണെന്ന് അദ്ദേഹംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയിൽ ശിവദാസിനെതിരെ മഹിള കോൺഗ്രസ് പ്രവർത്തക പീഡന ആരോപണം ഉന്നയിച്ചു. നേതാക്കളുടെ കുതന്ത്രങ്ങളിൽ സുൽത്താൻ ബത്തേരിയിലെ കോൺഗ്രസിലെ ആഭ്യന്തര കലഹം ഉച്ചസ്ഥായിയിൽ എത്തുകയായിരുന്നു. ഇതിനിടയിലാണ് അന്വേഷണ സമിതിയുടെ വരവ്.
ബാങ്ക് കോഴ ആരോപണം ഉന്നയിച്ച് ഇടതു സംഘടനകൾ ഏതാനും ദിവസം മുമ്പ് വലിയ സമരങ്ങൾ സുൽത്താൻ ബത്തേരിയിൽ നടത്തിയിരുന്നു. അന്വേഷണ സമിതി തെളിവെടുപ്പ് പൂർത്തിയാക്കിയതോടെ സമരങ്ങളും അൽപം തണുത്തിട്ടുണ്ട്. ഇടതുപക്ഷം പ്രധാനമായും ഉന്നംവെച്ചത് എം.എൽ.എയെയായിരുന്നു. എം.എൽ.എ പല തവണ വിശദീകരണവുമായി രംഗത്തുവന്നു.കെ.പി.സി.സിയിൽ റിപ്പോർട്ട് എത്തിയതിനുശേഷം ഏതൊക്കെ നേതാക്കൾക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് കണ്ടറിയേണ്ടത്. പ്രശ്നം രമ്യമായി പരിഹരിച്ചാൽ ആരോപണം ഉന്നയിച്ച കോൺഗ്രസിലെ ശക്തികൾ വെറുതെയിരിക്കാൻ സാധ്യതയില്ല. സി.പി.എം വിജിലൻസിന് പരാതി കൊടുത്ത സാഹചര്യത്തിൽ കോഴ ആരോപണം നിസ്സാരമായി തള്ളാനും കെ.പി.സി.സിക്കാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.