സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിൽ ചികിത്സയിലുള്ള രണ്ട് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പരിശോധനയക്കയച്ച സാമ്പിളുകളിൽ രണ്ട് പേർക്കാണ് രോഗം മുള്ളത്.
ഇതോടെ രോഗികളുടെ എണ്ണം മൂന്നായി. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികാരികൾ പറഞ്ഞു. പരിശോധനക്കയച്ച ഏഴുപേരുടെ ഫലം കൂടി വരാനുണ്ട്.
നിലവിൽ 16 പേരാണ് ചികിത്സയിലുള്ളത്. അതേസമയം, നൂൽപ്പുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.
കുടിവെള്ള കിണറുകളിൽ ക്ലോറിനേഷനാണ് പ്രധാനമായും ചെയ്യുന്നത്. ചില തോടുകളിൽ നിന്നും വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനക്കായി എടുത്തിട്ടുണ്ട്. കോളറയുടെ ഉറവിടം സംബന്ധിച്ച് വ്യക്തതയിൽ എത്താൻ ഇതുവരെ ആരോഗ്യ വകുപ്പിന് സാധിച്ചിട്ടില്ല. കഴിഞ്ഞ 18നാണ് കുണ്ടാണം കുന്ന് ഊരിലെ വിജില കോളറ മൂലം മരിച്ചത്.
നൂൽപ്പുഴ പഞ്ചായത്തിൽ കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ കോളനികളിലെ കിണറുകളിലും മറ്റ് കുടിവെള്ള സ്രോതസ്സുകളിലും സൂപ്പർ ക്ലോറിനേഷൻ നടത്തിവരികയാണ്. ബോധവൽക്കരണ അനൗൺസ്മെന്റും നടത്തുന്നുണ്ട്.
കോളറയുമായി ബന്ധപ്പെട്ട് 200 ലേറെ പേരാണ് സമ്പർക്ക പട്ടികയിലുള്ളത്.
കുണ്ടാണം കുന്ന് കോളനി പരിസരം കണ്ടെയ്ൻമെന്റ് സോണായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.