സുൽത്താൻ ബത്തേരി: നിർമാണം തുടങ്ങി പത്തു വർഷമായിട്ടും സുൽത്താൻ ബത്തേരിയിലെ സർക്കാർ െഗസ്റ്റ് ഹൗസ് യാഥാർഥ്യമായില്ല. എപ്പോൾ ഉദ്ഘാടനം നടത്താമെന്ന കാര്യത്തിൽ അധികൃതർക്ക് നിശ്ചയമില്ല. കോടികൾ ചെലവാക്കുമ്പോൾ പുലർത്തേണ്ട അച്ചടക്കം പാലിക്കാത്തതാണ് പ്രശ്നമായത്.
സുൽത്താൻ ബത്തേരി-പാട്ടവയൽ റോഡിൽ സെന്റ് ജോസഫ് സ്കൂളിനടുത്താണ് പുതിയ െഗസ്റ്റ് ഹൗസ് പണിയുന്നത്. അഞ്ച് നില കെട്ടിടത്തിന് 15 കോടിയാണ് ആദ്യം ചെലവാക്കാൻ ഉദ്ദേശിച്ചത്. പത്ത് വർഷം കൊണ്ട് കെട്ടിടം പണി ഏറക്കുറെ പൂർത്തിയായി. 54 മുറികളും ഒരുങ്ങി. 2019 ൽ ഉദ്ഘാടനം നടത്താനായിരുന്ന ലക്ഷ്യം. കൃത്യതയില്ലാത്ത നിർമാണം എല്ലാം തകിടം മറിച്ചു. ഡൈനിങ് ഹാൾ, കോൺഫറൻസ് ഹാൾ, കിച്ചൺ, ഫർണിച്ചർ, ലിഫ്റ്റ് എന്നിവയൊക്കെ ഇനി ഒരുക്കേണ്ടതുണ്ട്.
ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഈ െഗസ്റ്റ് ഹൗസ് സംസ്ഥാനത്തെ ഏറ്റവും വലിയതാണെന്ന് പറയുന്നു. കിഡ്കോയാണ് നിർമാണം ഏറ്റെടുത്തത്. അവർ ഉപകരാർ കൊടുത്തു. നിർമാണം നീളുന്നതിനനുസരിച്ച് കൂടുതൽ തുക ചെലവഴിക്കേണ്ട സാഹചര്യമാണ് സർക്കാറിനുണ്ടാകുന്നത്. പുതിയ െഗസ്റ്റ്ഹൗസിന് തൊട്ടടുത്താണ് 1962ൽ പണിത പഴയ െഗസ്റ്റ്ഹൗസുള്ളത്. ഇതിന്റെ പുതുക്കിപ്പണിയലും ഇപ്പോൾ നടക്കുന്നുണ്ട്.
എട്ടു റൂമുകളുള്ള ഈ െഗസ്റ്റ്ഹൗസിന് മൂന്നര കോടിയാണ് ചെലവാക്കുന്നത്. ഈ വർഷം ഒക്ടോബറിൽ പണി പൂർത്തിയാക്കും. സർക്കാർ ജീവനക്കാർക്ക് മാത്രമാണ് ഇവിടെ പ്രവേശനം. 160 രൂപ കൊടുത്താൽ ഒരു ദിവസം താമസിക്കാം. 134 രൂപയാണ് ഔദ്യോഗിക ആവശ്യത്തിന് തങ്ങുന്ന ജീവനക്കാരിൽനിന്ന് ഈടാക്കുക. എട്ടിൽ നാലെണ്ണം സ്യൂട്ട് റൂമുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.