സുൽത്താൻ ബത്തേരി: താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ പുതിയ കെട്ടിട നിർമാണത്തിനിടെ വൈദ്യുതി കേബിൾ പൊട്ടിയതിനെത്തുടർന്നുള്ള പ്രതിസന്ധി പരിഹരിച്ചില്ല. ഡയാലിസിസ്, മോർച്ചറി, എക്സ്റേ യൂനിറ്റുകളുടെ പ്രവർത്തനം താളംതെറ്റി. ശനിയാഴ്ചയോടെ പ്രശ്നം പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതർ.
പുതിയ ആറു നില കെട്ടിടത്തിനും നിർമാണം നടക്കുന്ന ബ്ലോക്കിനും ഇടയിലുള്ള ഭാഗത്തുകൂടെയാണ് ഡയാലിസിസ്, മോർച്ചറി, എക്സ്റേ യൂനിറ്റുകളിലേക്ക് വൈദ്യുതി എത്തുന്നത്. കെ.എസ്.ഇ.ബിയുടെ വൈദ്യുതിയും ജനറേറ്ററിൽനിന്നുള്ള കേബിളും ഇതിലുണ്ട്. ജെ.സി.ബി ഉപയോഗിച്ച് തറ കിളക്കുന്നതിനിടയിൽ കേബിൾ പൊട്ടുകയായിരുന്നു. ജനറേറ്റർ ഉപയോഗിച്ച് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ വേണ്ടത്ര ഫലം ചെയ്തില്ല. കേബിൾ തകരാർ പരിഹരിക്കുക അത്ര എളുപ്പമല്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ദിവസവും മൂന്നോ നാലോ പോസ്റ്റ്മോർട്ടങ്ങൾ ഇവിടെ നടക്കാറുണ്ട്. വൈദ്യുതി ഇല്ലാത്തതിനാൽ ജലവിതരണം നിലച്ചു. ബുധനാഴ്ച വൈകീട്ട് നൂൽപുഴ പഞ്ചായത്തിൽപ്പെട്ട ആദിവാസി കോളനിയിലെ സ്ത്രീയുടെ മൃതദേഹം മോർച്ചറിയിൽ എത്തിച്ചിരുന്നു. വൈദ്യുതി ഇല്ലാത്തതിനാൽ ഫ്രീസർ പ്രവർത്തിപ്പിക്കാനായില്ല. തുടർന്ന് സ്വകാര്യ ഫ്രീസറിനെ ആശ്രയിക്കേണ്ടി വന്നു.
വ്യാഴാഴ്ച രാവിലെ മൃതദേഹം പോസ്റ്റുമാർട്ടത്തിനെടുക്കുന്നതിനിടയിലാണ് വെള്ളമില്ലാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ മരിച്ച സ്ത്രീയുടെ ബന്ധുക്കൾ അങ്കലാപ്പിലായി. ടാങ്കറിൽ വെള്ളം എത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. ഡയാലിസിസ് സെന്റർ പ്രവർത്തനം ചൊവ്വാഴ്ച മുതൽ അവതാളത്തിലാണ്. വ്യാഴാഴ്ച നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഡയാലിസിസ് മാറ്റി. ഗവ. ആശുപത്രിയിൽ എത്തിയിരുന്ന രോഗികളൊക്കെ അവിടെ എത്തുകയായിരുന്നു.
വൈദ്യുതി ഏറെ നേരം മുടങ്ങിയതോടെ ഡയാലിസിസ് സെന്ററിലെ ഉപകരണങ്ങളുടെ കാര്യക്ഷമത പരിശോധിക്കേണ്ടതുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു. എക്സ്റേ ആവശ്യങ്ങൾക്കും സ്വകാര്യ ആശുപത്രികളെ അശ്രയിക്കാൻ രോഗികൾ നിർബന്ധിതരായിരിക്കുകയാണ്. അതേസമയം, ആശുപത്രിയിലെ പ്രധാന യൂനിറ്റുകളിലേക്കുള്ള വൈദ്യുതി കേബിൾ കടന്നുപോകുന്ന സ്ഥലത്ത് അശ്രദ്ധമായ രീതിയിൽ നിർമാണം നടത്തിയതിനെതിരെ ആക്ഷേപം ശക്തമാണ്. നിർമാണത്തിന് മേൽനോട്ടക്കാരന്‍റെ അഭാവമുണ്ടെന്നാണ് ആശുപത്രിയുമായി നിരന്തരം ബന്ധപ്പെടുന്ന രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.