പശുക്കിടാങ്ങളെ തെരുവുനായ്ക്കൾ ആക്രമിച്ചുകൊന്നു

സുൽത്താൻ ബത്തേരി: ജില്ലയിൽ വളർത്തു മൃഗങ്ങൾക്ക് നേരെയുള്ള വന്യമൃഗ ആക്രമണം ഒരുഭാഗത്ത് വ്യാപകമാകുന്നതിനിടെ ജനങ്ങളുടെ ആശങ്കയേറ്റി പശുക്കൾക്കുനേരെ തെരുവുനായ്ക്കളുടെ ആക്രമണം. മാനന്തവാടിയിലും മീനങ്ങാടിയിലുമായി പശുക്കിടാങ്ങളെ തെരുവുനായ്ക്കൾ ആക്രമിച്ചുകൊന്നു. മീനങ്ങാടിയിൽ തെരുവു നായുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്തു.

മറ്റൊരു കിടാവിനെ കടിച്ച് പരിക്കേൽപിച്ചു. മീനങ്ങാടിയിലെ ഹൈസ്കൂൾ റോഡ് നീലാംബരി ആനന്ദിന്‍റെ പശുക്കിടാക്കൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നേമുക്കാലോടെയാണ് സംഭവം. 10 മാസം പ്രായമായ പശുക്കിടാവ് ചാവുകയും അഞ്ചു മാസം പ്രായമായ കിടാവിനെ ഗുരുതരമായി പരിക്കേൽപിക്കുകയും ചെയ്തു. ശബ്ദം കേട്ട് വീട്ടുകാർ ചെന്നപ്പോഴാണ് പശുക്കിടാവ് ചത്തുകിടക്കുന്നതായി കണ്ടത്.

വന്യ മൃഗമാണ് ആക്രമിച്ചതെന്ന സംശയത്തിൽ വനപാലകരെ അറിയിക്കുകയും അവർ സ്ഥലത്തെത്തുകയും ചെയ്തു. തുടർന്ന് തൊഴുത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ തെരുവ് നായ്ക്കളെ കണ്ടതോടെയാണ് തെരുവ് നായ് ആക്രമണമെന്ന നിഗമനത്തിലെത്തിയത്. വെറ്ററിനറി ഡോക്ടർ പരിക്കേറ്റ പശുക്കിടാവിന് പ്രാഥമിക ചികിത്സ നൽകി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്ഥലത്ത് ആടുകൾക്കും മറ്റ് വളർത്തു മൃഗങ്ങൾക്കും നേരെ സമാന രീതിയിൽ ആക്രമണമുണ്ടായിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു.

സമീപത്ത് തന്നെ വലിയ പശുക്കൾ വേറെയും ഉണ്ടായിരുന്നെങ്കിലും അവക്ക് നേരെ ആക്രമണമുണ്ടായിട്ടില്ല. അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും തെരുവു നായ് ശല്യം ശാശ്വതമായി പരിഹരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.മാനന്തവാടി: മാനന്തവാടി ചൂട്ടക്കടവ് ശ്മശാനത്തിന് താഴെ പുഴയരികിൽ കെട്ടിയിരുന്ന പശുക്കിടാവിനെയാണ് തെരുവു നായ്ക്കൾ കൊന്ന് ഭാഗികമായി ഭക്ഷിച്ചത്.

രാവിലെ ചത്ത നിലയിൽ കിടാവിനെ കണ്ട ശേഷം ഉടമയായ പാണ്ടിക്കടവ് സ്വദേശി കുഞ്ഞാണി വെള്ളമുണ്ട സെക്ഷൻ വനപാലകരെ വിവരമറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ വനപാലകർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് നായ്ക്കളാണ് പശുക്കിടാവിനെ കൊന്നതെന്ന് വ്യക്തമായത്. 

Tags:    
News Summary - cows were attacked and killed by stray dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.