സുൽത്താൻ ബത്തേരി: ‘ഹാപ്പി ഹാപ്പി ബത്തേരി’ എന്ന പേരിൽ നഗരത്തിൽ വികസന പ്രവർത്തനങ്ങൾ സജീവമാകുമ്പോഴും പുരോഗതിയില്ലാതെ പഴയ ബസ് സ്റ്റാൻഡ്. നാലു പതിറ്റാണ്ടിലേറെ പഴക്കമുള്ള ബസ് സ്റ്റാൻഡിൽ നഗരത്തിന്റെ വികസനത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടാകുന്നില്ല. ചൊവ്വാഴ്ച വൈകീട്ട് ഒരു വയോധികൻ കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് മരിച്ചത് ബസ് സ്റ്റാൻഡിന്റെ അസൗകര്യം വ്യക്തമാക്കുന്നതാണ്. ഇത്തരം അപകടങ്ങൾ ഒറ്റപ്പെട്ടതല്ല. ബസുകളുടെ എണ്ണത്തിനനുസരിച്ച് യാതൊരു സൗകര്യവും പഴയ ബസ്റ്റാൻഡിൽ ഒരുക്കിയിട്ടില്ല. ബസ്റ്റാൻഡിലേക്ക് ബസുകൾ കയറുന്നതും ഇറങ്ങുന്നതും ഇടുങ്ങിയ വഴികളിലൂടെയാണ്. ഇത് വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. പലപ്പോഴും യാത്രക്കാരുടെ ജാഗ്രത കൊണ്ട് മാത്രമാണ് അപകടങ്ങൾ ഒഴിവാകുന്നത്.
നാല് പതിറ്റാണ്ട് മുമ്പ് ബസ് സ്റ്റാൻഡ് നിർമിച്ച കാലത്ത് ബസുകളുടെ എണ്ണം വളരെ കുറവായിരുന്നു. അന്നത്തെ നിലയിൽ ഈ ബസ് സ്റ്റാൻഡിൽ സൗകര്യങ്ങൾ ഏറെയായിരുന്നു. എന്നാൽ, ഇന്ന് ബസുകളുടെ എണ്ണം നാലുമഞ്ചും ഇരട്ടി വർധിച്ചു. പഞ്ചായത്ത് മാറി നഗരസഭയായി. അതിന് അനുസരിച്ചുള്ള മാറ്റം ഇവിടെ എത്തിയില്ല.
ബസ് സ്റ്റാൻഡ് പാർക്കിങ് ഏരിയയിലേക്ക് ബസുകൾ കയറുന്നതിനും ഇറങ്ങുന്നതിനും ഇടയിലുള്ള കെട്ടിടം വളരെ പഴക്കം ചെന്നതാണ്. നിരവധി കച്ചവട സ്റ്റാളുകൾ ഇവിടെയുണ്ട്. പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന ഒരു ക്ലോക്ക് ടവറും ഈ കെട്ടിടത്തിന്റെ മുകളിലുണ്ട്. ടവറിനോട് അനുബന്ധിച്ച് പണ്ട് സൈറൺ മുഴക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നുവത്രേ. നഗരത്തിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിനുള്ളിൽ സമയ സൂചകമായി ഈ സൈറൺ കേട്ടിരുന്നതായി ബത്തേരിയിലെ പഴമക്കാർ പറയുന്നു.
ഈ കെട്ടിടത്തിൽ മാറ്റം വരുത്താതെ പഴയ ബസ് സ്റ്റാൻഡിലേക്കുള്ള ബസ്സുകളുടെ കയറ്റവും ഇറക്കവും സുഗമമാകില്ല. നഗരത്തിന്റെ പുരോഗതിക്ക് അനുസരിച്ച് ബസ് സ്റ്റാൻഡിൽ മാറ്റം വരുത്തണമെങ്കിൽ കെട്ടിടം പൂർണമായും പൊളിച്ചുനീക്കേണ്ട സാഹചര്യവുമുണ്ട്. എന്നാൽ, കച്ചവട താൽപര്യമാണ് ഈ കെട്ടിടത്തെ നിലനിർത്തുന്നത്. അതിനാൽ, പൊളിക്കുമ്പോൾ എതിർപ്പുകൾ ഉണ്ടാവാൻ ഇടയുണ്ട്. നിലവിൽ ബസുകൾക്ക് കയറാനും ഇറങ്ങാനുമുള്ള പാതകൾക്ക് വീതി കൂട്ടാതെ വികസനം സാധ്യമാവില്ല.
കല്ലൂർ, മുത്തങ്ങ, പാട്ടവയൽ, നമ്പ്യാർകുന്ന്, അമ്പലവയൽ, വടുവഞ്ചാൽ എന്നിവിടങ്ങളിലേക്കുള്ള ബസുകളൊക്കെ പഴയ ബസ് സ്റ്റാൻഡിൽ നിന്നാണ് സർവിസ് ആരംഭിക്കുന്നത്. മാനന്തവാടി, കൽപറ്റ ഉൾപ്പെടെ റൂട്ടുകളിലേക്കുള്ള നിരവധി ബസുകൾ ബസ് സ്റ്റാൻഡിൽ കയറി ഇറങ്ങുകയും ചെയ്യുന്നു. അന്തർ സംസ്ഥാന ബസുകളും ഇവിടെ നിന്ന് യാത്ര തുടങ്ങുന്നുണ്ട്. സ്റ്റാൻഡിന്റെ മുന്നിലെ വൺവേ വഴിയാണ് കോഴിക്കോട് ബസുകൾ കടന്നുപോകുന്നത്. അതിനാൽ സ്റ്റാൻഡിനുള്ളിലും പുറത്ത് റോഡിലും വലിയ തിരക്കാണ്. വൈകീട്ട് വിദ്യാലയങ്ങളിൽനിന്ന് എത്തുന്ന കുട്ടികളുടെ തിരക്ക് കൂടിയാവുമ്പോൾ നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്കുള്ള ഭാഗമായി ഇവിടം മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.