സുൽത്താൻ ബത്തേരി: ആവശ്യത്തിന് മരുന്ന് ലഭ്യമല്ലാത്ത സാഹചര്യത്തിൽ പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ രാവിലത്തെ ഒ.പിയും താളംതെറ്റുന്നതായി ആക്ഷേപം.
ചെറിയ അസുഖങ്ങൾക്കുള്ള മരുന്നുപോലും പുറമേനിന്ന് വാങ്ങേണ്ട സാഹചര്യമാണ്. ദിവസവും 200ൽ ഏറെ രോഗികളാണ് പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ രാവിലത്തെ ഒ.പിയിൽ എത്തുന്നത്. ഒരാഴ്ച മുമ്പുവരെ ഇവിടെ ആവശ്യത്തിന് മരുന്ന് ഉണ്ടായിരുന്നു. എന്നാൽ, രണ്ടു മൂന്ന് ദിവസങ്ങളായി എല്ലാം താളംതെറ്റിയ അവസ്ഥയിലാണ്.
രാവിലെ ഒന്നോ രണ്ടോ ഡോക്ടർമാരാണ് രോഗികളെ പരിശോധിക്കുന്നത്. ടൗണിലെ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽനിന്ന് പനിക്കുള്ള മരുന്നുപോലും വാങ്ങേണ്ട സാഹചര്യമാണെന്ന് രോഗികൾ പരാതിപ്പെട്ടു. ടി.ടി ഇൻജക്ഷൻ, ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്ന് എന്നിവയും തീർന്ന അവസ്ഥയിലാണ്. മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലും സമാന അവസ്ഥയുണ്ടെന്നാണ് രോഗികളുടെ പരാതി. ഇവിടെയും അടുത്ത ദിവസങ്ങളിൽ മരുന്ന് പൂർണമായി തീരുന്ന സാഹചര്യമുണ്ടാകും. സർക്കാർ യഥാസമയം മരുന്ന് എത്തിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.