സുൽത്താൻ ബത്തേരി: കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാനുള്ള വൈദ്യുതിവേലി മനുഷ്യജീവന് ഭീഷണിയാകുമ്പോൾ അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു. മുത്തങ്ങക്കടുത്ത് കല്ലൂരിൽ തിങ്കളാഴ്ച യുവാവിെൻറ മരണത്തിനിടയാക്കിയത് അശാസ്ത്രീയമായ വൈദ്യുതി വേലിയാണ്. മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങൾ ജില്ലയിൽ ഉണ്ടായിട്ടുണ്ട്. കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാൻ വനാതിർത്തികളിൽ വൈദ്യുതി വേലി വ്യാപകമാണ്. ഇവ മറികടന്ന് കാട്ടുമൃഗങ്ങൾ കൃഷിയിടത്തിലേക്ക് എത്തുന്നതാണ് സ്വന്തം നിലയിൽ വേലി സ്ഥാപിക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. ഒരു ശാസ്ത്രീയതയുമില്ലാതെ ലൈനിൽനിന്നും നേരിട്ട് വൈദ്യുതി കടത്തിവിട്ടാണ് ഒട്ടുമിക്കവരും ഇത് പ്രവർത്തിപ്പിക്കുന്നത്. അബദ്ധത്തിൽ വേലിയിൽ തൊടുന്നവർ അപകടത്തിൽ പെടുന്നു.
തുടർന്ന് കേസുകളും മറ്റും ഉണ്ടാകുമ്പോഴാണ് നിയമ ലംഘനത്തിെൻറ കുരുക്ക് കർഷകന് ബോധ്യമാകുക. രണ്ടു വർഷം മുമ്പ് പൂതാടി പഞ്ചായത്തിലെ തൂത്തിലേരിയിൽ കർഷകൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റ് ആദിവാസി യുവാവ് മരിച്ചിരുന്നു. നൂൽക്കമ്പിയിലൂടെയായിരുന്നു അന്ന് കൃഷിയിടത്തിന് ചുറ്റും വൈദ്യുതി കടത്തിവിട്ടിരുന്നത്.
2016ൽ പൂതാടി പഞ്ചായത്തിലെ അതിരാറ്റുകുന്നിൽ കൃഷിയിടത്തിലെ വേലിയിൽ തട്ടി കാട്ടാന ചെരിഞ്ഞു. അബദ്ധം മനസ്സിലാക്കിയ കർഷകൻ കാട്ടാന വെടിയേറ്റാണ് ചെരിഞ്ഞതെന്ന് വരുത്തിത്തീർക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും അറസ്റ്റിലാവുകയുണ്ടായി. വേലിയിൽ തട്ടി ജീവഹാനിയുണ്ടായാൽ വലിയ കേസുകളാണ് കാത്തിരിക്കുന്നതെന്ന് പലരും മനസ്സിലാക്കുന്നില്ല.ശാസ്ത്രീയമായി നിർമിച്ച വൈദ്യുതി വേലിയിൽ മൃഗങ്ങൾ തൊട്ടാൽ തെറിച്ചു വീഴും.
എന്നാൽ, ജീവാപായം ഉണ്ടാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. കരണ്ട് കടത്തിവിടുമ്പോഴുള്ള നിയന്ത്രണങ്ങളാണ് ഇതിന് കാരണം. അതിനായി പ്രത്യേകം ഉപകരണങ്ങളുള്ള സംവിധാനങ്ങൾ ഒരുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.