സുൽത്താൻ ബത്തേരി: നഗരത്തിലെ 13 ഓട്ടോ സ്റ്റാൻഡുകളിൽ 175 ഓട്ടോറിക്ഷക്ക് മാത്രം പാർക്ക് ചെയ്യാൻ സൗകര്യമുണ്ടായിരിക്കെ 700 ഓളം ഓട്ടോകളാണ് സർവിസ് നടത്തുന്നതെന്നും ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്നും സുൽത്താൻ ബത്തേരി നഗരസഭ സെക്രട്ടറി മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
ടൗണിൽ ഓട്ടോ പാർക്ക് ചെയ്ത് ഓടിക്കുന്നതിന് പെർമിറ്റ് നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച പരാതിയിലാണ് നഗരസഭ സെക്രട്ടറിയുടെ വിശദീകരണം. പുതുതായി ഹാൾട്ടിങ് പെർമിറ്റ് കിട്ടുന്ന ഓട്ടോകൾക്ക് ടൗണിന് പുറത്ത് നഗരസഭ പരിധിയിൽ 10 സ്റ്റാൻഡുകൾ നിശ്ചയിച്ച് നൽകിയിട്ടുണ്ടെന്നും ഈ സ്റ്റാൻഡുകളിൽ പരാതിക്കാരന് പെർമിറ്റ് നൽകാമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.
പരാതിക്കാരന് നഗരസഭ പരിധിയിൽ ഓട്ടോ ഓടിക്കാനും പാർക്ക് ചെയ്യാനുമുള്ള പെർമിറ്റ് അനുവദിക്കാൻ കമീഷൻ ആക്റ്റിങ് ചെയർപേഴ്സനും ജൂഡീഷൽ അംഗവുമായ കെ. ബൈജൂനാഥ് വയനാട് ആർ.ടി.ഒ ക്ക് നിർദേശം നൽകി. കട്ടയാട് സ്വദേശി എം. ഷിഹാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
കോടതി ഉത്തരവുകളുടെയും മറ്റും അടിസ്ഥാനത്തിലാണ് നിയന്ത്രണമില്ലാതെ ഓട്ടോ പെർമിറ്റ് അനുവദിക്കുന്ന സാഹചര്യമുണ്ടായതെന്നും സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.
നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ ടൗണിന് ഉൾക്കൊള്ളാവുന്നതിലും പതിൻമടങ്ങ് ഓട്ടോകൾ സർവിസ് നടത്തുന്ന സാഹചര്യം വന്നുചേരും.
സംസ്ഥാന അതിർത്തിയോട് ചേർന്നുള്ള പട്ടണമെന്ന നിലയിൽ ഗതാഗതസ്തംഭനമുണ്ടാകുന്ന സാഹചര്യം അനുവദിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് പുതുതായി ഓട്ടോ പെർമിറ്റ് അനുവദിക്കേണ്ടതില്ലെന്ന് നഗരസഭ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.