സുൽത്താൻ ബത്തേരി: വാകേരിയിൽ കരടിയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റ സംഭവത്തിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. ശനിയാഴ്ചയാണ് വാകേരിയിൽ കരടിയുടെ ആക്രമണത്തിൽ കർഷകനായ മധ്യവയസ്കന് പരിക്കേറ്റത്. വാകേരി സുൽത്താൻ ബത്തേരി ഗാന്ധിനഗർ കുംബിക്കൽ അബ്രഹാമിനാണ് പരിക്കേറ്റത്.
കൈക്ക് പരിക്കേറ്റ അബ്രഹാം കൽപറ്റ കൈനാട്ടിയിലെ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് കരടിയുടെ ആക്രമണത്തിന് ഇരയായത്.
സംഭവത്തിൽ പ്രദേശത്ത് വലിയ ജനകീയ പ്രതിഷേധമാണ് ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട് വാകേരി സെ. ആന്റണീസ് ദേവാലയത്തിൽ ചേർന്ന ജനകീയ സമിതി യോഗം ചേർന്നു. ജനങ്ങൾക്ക് വഴി നടക്കാൻ കഴിയാത്ത വിധം ജനവാസ മേഖലകളിൽ വിഹരിക്കുന്ന കരടിയെ പിടികൂടാൻ വനം വകുപ്പ് സത്വര നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
നൂറുകണക്കിന് പേർ പങ്കെടുത്ത യോഗത്തിൽ പൂതാടി പഞ്ചായത്ത് പത്താം വാർഡ് മെംബർ സണ്ണി കൊച്ചുപുരക്കൽ, ഫാ. ജെയ്സ് പൂതക്കുഴി, സണ്ണി ചാമക്കാലയിൽ, ജയ്മോൻ ഇടക്കുളത്തിൽ, ജോയി അക്കരപറമ്പിൽ, ബേബി മാടപ്പാട്ട്, സിജോ പൈനയിൽ, ജിൻഷോ ഐക്കരോട്ട് എന്നിവർ സംസാരിച്ചു.
കരടിയെ കൂടു വെച്ച് പിടികൂടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വനം വകുപ്പും ഉദ്യോഗസ്ഥരും തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. പൂതാടി ഗ്രാമപഞ്ചായത്തിലെ വാകേരി, പാലക്കുറ്റി, ഗാന്ധിനഗര്‍, ചേമ്പുംകൊല്ലി, മൂടക്കൊല്ലി മേഖലകളിലാണ് കരടിഭീതി നിലനിൽക്കുന്നത്.
പ്രദേശത്ത് കാട്ടാന, കടുവശല്യം നിലനില്‍ക്കുന്നതിനിടെയാണ് കരടിയും ജനജീവിതത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. ഇതിനകം തന്നെ നിരവധി പേരാണ് കരടിയെ നേരിൽ കണ്ടത്. കരടിയുടെ സാന്നിധ്യം അടിക്കടിയുണ്ടായതിനെ തുടര്‍ന്ന് വനപാലകരെ അറിയിച്ചെങ്കിലും ഒരുവിധ നടപടികളും സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം.
കര്‍ഷകര്‍ക്ക് ഒട്ടനവധി നാശനഷ്ടങ്ങളാണ് കരടി വരുത്തിവെക്കുന്നത്. കാട്ടാന, കടുവ, കാട്ടുപന്നി തുടങ്ങിയ വന്യമൃഗശല്യത്തില്‍ പുറമെയാണ് കരടിയുടെ ആക്രമണവും പ്രദേശത്ത് തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.