സുൽത്താൻ ബത്തേരി: കടുവ കാരണം വളർത്തുമൃഗങ്ങൾക്ക് രക്ഷയില്ലാതെ വന്നതോടെ രണ്ടും കൽപിച്ച് ഇറങ്ങിയിരിക്കുകയാണ് ഏതാനും കർഷകർ. പശുത്തൊഴുത്ത് ഉൾപ്പെടെയുള്ളവ ഇരുമ്പുവലക്കുള്ളിലാക്കിയാണ് പ്രതിരോധം തീർക്കുന്നത്. കടുവശല്യത്തിന് പേരുകേട്ട വാകേരിക്കടുത്ത സിസിയിലാണ് ഈ രീതിയിലുള്ള ആദ്യത്തെ പശുത്തൊഴുത്ത് നിർമിക്കപ്പെട്ടത്. സിസിക്കടുത്ത് ഞാറക്കാട്ടിൽ സുരേന്ദ്രനാണ് പുതിയ പശുത്തൊഴുത്ത് കമ്പിവലകൊണ്ട് നിർമിച്ചത്. ഏതാനും ദിവസം മുമ്പ് ഇദ്ദേഹത്തിന്റെ തൊഴുത്തിലെത്തിയ കടുവ പശുവിനെ കൊന്നിരുന്നു. തുടർന്ന് വനംവകുപ്പ് സിസി, മൂടക്കൊല്ലി, കൂടല്ലൂർ, വാകേരി എന്നിവിടങ്ങളിലൊക്കെ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചു. എന്നാൽ, കടുവ ഇപ്പോഴും ഈ പ്രദേശങ്ങളിലൂടെ ചുറ്റിക്കറങ്ങുകയാണ്. ഞാറക്കാട്ടിൽ സുരേന്ദ്രനെ കൂടാതെ വേറെയും കർഷകർ പശുത്തൊഴുത്ത് വലകൊണ്ട് നിർമിക്കാനുള്ള ഒരുക്കത്തിലാണ്. ചിലതിന്റെ നിർമാണം നടക്കുന്നു. 25,000 മുതൽ 50,000 വരെയാണ് വലകൊണ്ടുള്ള തൊഴുത്ത് നിർമാണത്തിനുള്ള ചെലവ്. വല പൊട്ടിച്ച് കടുവ അകത്തുകയറി വളർത്തുമൃഗങ്ങളെ ആക്രമിക്കാനുള്ള സാധ്യത കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.