സുൽത്താൻ ബത്തേരി: മൂലങ്കാവ് എറളോട്ടുകുന്ന് ഭാഗത്ത് ഭീതിവിതക്കുന്ന കടുവയെ പിടികൂടാൻ രണ്ടിടങ്ങളിൽ കൂട് സ്ഥാപിച്ചു. കൂട്ടിൽ കടുവ കുടുങ്ങും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. അതേസമയം, ദേശീയപാതയോരത്ത് മൂലങ്കാവിനും കല്ലൂരിനും ഇടയിലുള്ള ഭാഗത്ത് പലയിടങ്ങളിലായി കടുവ പ്രത്യക്ഷപ്പെടുന്നുണ്ട്.
ചിറ്റാമാലിയിലെ തോട്ടത്തിലാണ് ശനിയാഴ്ച രാവിലെ കൂട് വെച്ചത്. വെള്ളിയാഴ്ച കോഴിഫാമിന് സമീപവും കൂട് സ്ഥാപിച്ചിരുന്നു. കാമറ സ്ഥാപിച്ചതിനൊപ്പം വനം വകുപ്പിന്റെ പട്രോളിങ്ങും പ്രദേശത്ത് സജീവമാണ്.
മൈക്ക് അനൗൺസ്മെന്റിലൂടെ ഇരുട്ടായാൽ ആരും വീടിന് പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. എറളോട്ടുകുന്ന് ഉൾപ്പെടുന്ന മൂലങ്കാവ് പ്രദേശം കടുവ ഭീതിയിൽ സന്ധ്യമയങ്ങുന്നതോടെ ഇപ്പോൾ വിജനമാവുകയാണ്.
ആളുകളെ പരമാവധി അകറ്റി കടുവയെ കൂടിന്റെ പരിസരത്തേക്ക് ആകർഷിക്കുകയാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. പ്രായാധിക്യമുള്ള കടുവ ആണെന്നാണ് നിഗമനം. അതിനാൽ ഉൾവനത്തിലേക്ക് തിരിച്ചുപോകാനുള്ള സാധ്യതയില്ല. തിങ്കളാഴ്ച സ്കൂൾ തുറക്കുംമുമ്പ് എങ്ങനെയും കടുവയെ പിടികൂടണമെന്നാണ് ശനിയാഴ്ച നൂൽപുഴ പഞ്ചായത്ത് ഓഫിസ് ഹാളിൽ ചേർന്ന സർവകക്ഷി അവലോകന യോഗത്തിൽ എല്ലാവരും ഒന്നടങ്കം ആവശ്യപ്പെട്ടത്.
കടുവപ്പേടി തുടരുന്ന സാഹചര്യത്തിൽ നാട്ടുകാർ കർമസമിതി രൂപവത്കരിച്ചതായി നൂൽപുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് പറഞ്ഞു. എറളോട്ടുകുന്ന് ഉൾപ്പെടുന്ന മൂലങ്കാവിൽ, വാർഡ് തലത്തിലും പഞ്ചായത്ത്തലത്തിലും കർമസമിതി സജീവമാക്കാനാണ് തീരുമാനം. നാലിന് ഇനിയും യോഗം ചേരും. അതിനുമുമ്പ് കടുവ പിടിയിലായില്ലെങ്കിൽ സമരപരിപാടിയിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.