സുൽത്താൻ ബത്തേരി: കേരള കോൺഗ്രസ് അംഗത്തിെൻറ പിന്തുണയോടെ അഞ്ചു വർഷം ബത്തേരിയിൽ നഗരസഭ ഭരണം പൂർത്തിയാക്കുന്ന ഇടതുമുന്നണി അണിയറയിൽ സ്ഥാനാർഥികളെ നിർണയിച്ചതോടെ മത്സരചിത്രം തെളിയുന്നു. യു.ഡി.എഫും സീറ്റ് ധാരണ പൂർത്തിയാക്കിയിട്ടുണ്ട്. മുസ്ലിം ലീഗിലെ ചില നേതാക്കൾ മൂന്നുതവണ മത്സരിച്ചതിനാൽ പാർട്ടി വിലക്ക് നേരിടുന്നുണ്ട്. അതേസമയം, വിലക്ക് നീക്കിക്കിട്ടാൻ അവർ അപേക്ഷ നൽകി. ബത്തേരിയിൽ അനുമതി നൽകിയാൽ പല തദ്ദേശസ്ഥാപനങ്ങളിലും ഇതേ ആവശ്യം ഉയരുമെന്ന് ജില്ല ലീഗ് നേതാവ് പറഞ്ഞു. എങ്കിലും ചർച്ച തുടരുകയാണ്.
നിലവിലെ ചെയർമാൻ ടി.എൽ. സാബു മത്സരരംഗത്ത് ഉണ്ടാകില്ലെന്ന് ഉറപ്പായി. സി.പി.എം അവഗണയിൽ സാബുവിന് അമർഷമുണ്ട്. അദ്ദേഹത്തിെൻറ സിറ്റിങ് ഡിവിഷനായ കട്ടയാട് ഭാര്യ നിഷ സാബു സ്വതന്ത്രയായി മത്സരിക്കും. അവർ പ്രചാരണം തുടങ്ങിയത് ഇടതുമുന്നണിക്കും യു.ഡി.എഫിനും തലവേദനയായി. മുൻ പഞ്ചായത്ത് അംഗമാണ് നിഷ.
അതേസമയം, സി.പി.എം പ്രതിനിധിയും ഡെപ്യൂട്ടി ചെയർമാനുമായ ജിഷ ഷാജി മത്സരിക്കുമോ എന്ന ചോദ്യം സജീവമായിട്ടുണ്ട്. സീറ്റ് നൽകുന്നത് സംബന്ധിച്ച് ചർച്ച നടന്നെങ്കിലും തീരുമാനം ആയിട്ടില്ല.
15ാം വാർഡായ സത്രംകുന്നിൽ കുടുംബശ്രീ എ.ഡി.എസ് പ്രസിഡൻറായ അബിത മണികണ്ഠനെ സി.പി.എം പരിഗണിക്കുന്നു. അബിത വന്നാൽ, മത്സരിക്കുമെന്ന് കരുതിയ സി.പി.എമ്മിെൻറ റിസാനത്ത് സലീം തഴയപ്പെടും. പാർട്ടി ജില്ല നേതൃത്വം ഇതിൽ ചർച്ച നടത്താനിരിക്കുകയാണ്. റിസാനത്തിനു മേൽ മത്സരിക്കാൻ ഒരുവിഭാഗം സമർദം ചെലുത്തിത്തുടങ്ങി. സത്രംകുന്നിൽ മത്സരിക്കാൻ മുസ്ലിം ലീഗിൽ രണ്ട് വനിതകൾ രംഗത്തുണ്ട്.
മുതിർന്ന സി.പി.എം നേതാവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സി.കെ. സഹദേവൻ മത്സര രംഗത്തുണ്ടാകും. പൂതിക്കാട് ഉൾപ്പെടെ വാർഡുകൾ പരിഗണനയിലുണ്ട്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് രണ്ട് സീറ്റുകൾ എൽ.ഡി.എഫ് നൽകിയിട്ടുണ്ട്. സി.പി.ഐ അടക്കം ഘടകകക്ഷികൾ ഓരോ സീറ്റിൽ മത്സരിക്കും.
ബത്തേരിയിൽ കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ ഭരണം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യു.ഡി.എഫ്. ലീഗും കോൺഗ്രസും ഭൂരിഭാഗം സീറ്റുകളിലും മത്സരിക്കും.
35 ഡിവിഷനുകളുള്ള ബത്തേരിയിൽ ഇരുമുന്നണിയിലും ഇപ്പോൾതന്നെ വിമതർ തലപൊക്കുമെന്ന സൂചനകളുണ്ട്. 'സ്വതന്ത്ര മത്സരം' ചില ഡിവിഷനുകളിൽ സജീവ ചർച്ചയാണിപ്പോൾ. ചില പാർട്ടികളിലെ ഉൾപാർട്ടി പോരും മുന്നണികളെ അലോസരപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.