സുൽത്താൻ ബത്തേരി: പശുക്കളെ ആക്രമിക്കുന്നത് പതിവാക്കിയ ചീരാലിലെ കടുവയെ പിടിക്കാനുറച്ച് വനപാലകർ. സ്ഥലത്തെത്തിയ മയക്കുവെടി സംഘം വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് ഗ്രുപ്പുകളായി തിരിഞ്ഞു. 'ജീവന്മരണ പോരാട്ടത്തിൽ' ശനിയാഴ്ച വൈകുന്നേരത്തിനു മുമ്പ് കടുവയെ തളക്കാനാകുമെന്ന വിശ്വാസത്തിലാണ് അധികൃതർ.
കാട്ടിലും നാട്ടിലും മാറിമാറി കടുവ സഞ്ചരിക്കുകയാണ്. ഏഴ്- എട്ട് പേരടങ്ങിയ സംഘമാണ് ഒാരോ ഗ്രൂപ്പിലും. ഡോ. അരുൺ സക്കറിയയാണ് നേതൃത്വം നൽകുന്നത്. രാത്രി വനത്തിൽ കടുവയെ നേരിടുക പ്രയാസമാണെന്നാണ് വനം ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുന്ന സൂചന.
രാത്രി കടുവ വരാൻ സാധ്യതയുള്ള ജനവാസ കേന്ദ്രത്തിൽ നിരീക്ഷണം നടത്തി അവസരം കിട്ടിയാൽ വെടിയുതിർക്കും. കടുവ കൂട്ടിൽ കയറുമെന്ന പ്രതീക്ഷ വനപാലകരും ഉപേക്ഷിച്ച അവസ്ഥയിലാണ്. വെള്ളിയാഴ്ച ജില്ല കലക്ടർ എ. ഗീത പ്രദേശത്തെത്തിയിരുന്നു. ശനിയാഴ്ചത്തെ ചീരാൽ വില്ലേജിലെ സ്കൂൾ അവധി ഇതിന്‍റെ തുടർച്ചയാണ്.
അതേസമയം, രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ചീരാൽ, പഴൂർ മേഖലകളിൽ വ്യാഴാഴ്ച രാത്രിയാണ് കടുവയുടെ ആക്രമണമുണ്ടായത്. രണ്ടു പശുക്കളെ ആക്രമിച്ചു. കണ്ടർമല വേലായുധൻ, കരുവള്ളി ജെയ്സി എന്നിവരുടെ പശുക്കളാണ് ആക്രമിക്കപ്പെട്ടത്. കടുവ വെള്ളിയാഴ്ച വല്ലത്തൂർ ഭാഗത്ത് കൂടെ സഞ്ചരിച്ചതായി സൂചനയുണ്ട്.
സുൽത്താൻ ബത്തേരി: കടുവ ആക്രമിച്ചു കൊന്ന പശുക്കളുടെ ഉടമസ്ഥർക്ക് മതിയായ നഷ്ടപരിഹാരം കൊടുക്കുമെന്ന് ജില്ല കലക്ടർ എ. ഗീത പങ്കെടുത്ത യോഗത്തിൽ വനംവകുപ്പിന്‍റെ ഉറപ്പ്. മുളവൻകൊല്ലി രാമചന്ദ്രന്‍റെ നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയുടെ ചെക്ക് വെള്ളിയാഴ്ച വൈകുന്നേരത്തോടെ വനം വകുപ്പ് തയാറാക്കി.
മറ്റ് പശുക്കളുടെ ഉടമസ്ഥർക്കെല്ലാം ഒരു മാസത്തിനുള്ളിൽ നഷ്ടപരിഹാരം കൊടുത്തു തീർക്കാനാണ് തീരുമാനം. ഒമ്പത് പശുക്കളെയാണ് വെള്ളിയാഴ്ച വൈകുന്നേരം വരെ കടുവ ആക്രമിച്ചത്. ഇതിൽ ആറെണ്ണം ചത്തു. പരിക്കേറ്റ പശുക്കളെ പൂക്കോട് വെറ്ററിനറി കോളജിൽ എത്തിച്ച് വിദഗ്ധ ചികിത്സ കൊടുക്കുമെന്നാണ് കർഷകർക്ക് ലഭിച്ച വാഗ്ദാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.