സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെ മാരകമായ മയക്കുമരുന്നുമായി കാറിൽ വരുകയായിരുന്ന ദമ്പതികളടക്കമുള്ള നാലുപേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ നല്ലളം കെ.ജെ.കെ വീട്ടിൽ ഫിറോസ് ഖാൻ (31), പാറപ്പുറം അരക്കിണർ സ്വദേശി പി.കെ. യൂസുഫലി (26), ഇയാളുടെ ഭാര്യ മാന്തോട്ടം വടക്കൻകണ്ടി ആയിഷ നിഹാല (22), കണ്ണൂർ കക്കാട് പറയിലകത്ത് പി. നദീർ (26) എന്നിവരാണ് അറസ്റ്റിലായത്.
ബംഗളൂരുവിൽ നിന്നും കോഴിക്കോട് ഭാഗത്ത് വിൽപനക്കായി കൊണ്ടുപോവുകയായിരുന്ന 156 ഗ്രാം എം.ഡി.എം.എയാണ് പൊലീസ് പിടികൂടിയത്.
കാറിന്റെ മുകൾഭാഗത്തായി ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. മയക്കുമരുന്ന് ചില്ലറ വിൽപനക്കായി ഉപയോഗിക്കുന്ന ത്രാസും കവറുകളും മറ്റു ഉപകരണങ്ങളും സംഘത്തിൽ നിന്നും പിടികൂടി. ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്ക്വാഡും സുൽത്താൻ ബത്തേരി എസ്.ഐ സി.എം. സാബുവും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി നാലംഗ സംഘത്തെ പിടികൂടിയത്.
എ.എസ്.ഐ കെ.ടി. മാത്യു, സി.പി.ഒമാരായ മുരളീധരൻ, അനിൽകുമാർ, സി.പി.ഒമാരായ ഫൗസിയ, സജ്ന, ഡ്രൈവർ എസ്.സി.പി.ഒ സന്തോഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. മയക്കുമരുന്ന് സംഘം സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. നേരത്തേ അരക്കിലോയോളം എം.ഡി.എം.എ സുൽത്താൻ ബത്തേരി പൊലീസ് പിടികൂടിയിരുന്നു.
ഇതിനുശേഷം എം.ഡി.എം.എ ഏറ്റവും കൂടിയ അളവിൽ ജില്ലയിൽ പിടികൂടിയ രണ്ടാമത്തെ സംഭവമാണ് ബുധനാഴ്ചത്തേത്. കഴിഞ്ഞ ഒന്നരമാസത്തിനിടെ മൂന്നാമത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള എം.ഡി.എം.എ കേസാണ് സുൽത്താൻ ബത്തേരി പൊലീസ് പിടികൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.