സുൽത്താൻ ബത്തേരി: ഗവ. കോളജിനായുള്ള സുൽത്താൻ ബത്തേരിയിലെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കാത്തിരിപ്പ് നീളുന്നു. മൂന്നു ബജറ്റുകളിൽ പണം വകയിരുത്തിയിട്ടും കോളജ് എന്ന് തുടങ്ങാനാകുമെന്ന കാര്യത്തിൽ നിശ്ചയമില്ല. ഒാരോ വർഷവും നൂറുകണക്കിന് വിദ്യാർഥികളുടെ ഉപരിപഠന സാധ്യതയാണ് ഗവ. കോളജിന്റെ അഭാവത്തിൽ ചെലവേറിയതായി മാറുന്നത്.
ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്താണ് സുൽത്താൻ ബത്തേരിയിലും ഗവ. കോളജ് അനുവദിച്ചത്. സ്വാശ്രയ കാമ്പസുകളുടെ അതിപ്രസരം തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു അന്നത്തെ സർക്കാർ തീരുമാനം. ഭരണംമാറിയതോടെ കോളജിനായി ഫണ്ട് വകയിരുത്തുന്ന കാര്യത്തിൽ കാലതാമസമുണ്ടായി. കാത്തിരിപ്പിനുശേഷം 2019ലെ ബജറ്റിലാണ് കോളജിനായി തുക അനുവദിക്കുന്നത്.
തുടർന്ന് സ്ഥലപരിശോധനകൾ നടന്നു. ബീനാച്ചി, കല്ലൂർ എന്നിവിടങ്ങളിലെ റവന്യൂ ഭൂമി പരിഗണനയിൽ വന്നു. കൃഷ്ണഗിരിയുടെ പേരും ഉയർന്നിരുന്നു.2019-20 വർഷത്തിൽ 10 കോടിയും 2020-21 വർഷത്തിൽ 30 കോടിയുമാണ് കോളജിനായി അനുവദിച്ചത്. എന്നിട്ടും കോളജ് പ്രവർത്തനമാരംഭിക്കാനാകുന്നില്ല. നാലായിരത്തോളം വിദ്യാർഥികളാണ് ഒാരോ വർഷവും സുൽത്താൻ ബത്തേരി മേഖലയിൽനിന്ന് കോളജ് പഠനത്തിന് യോഗ്യത നേടുന്നത്.
എന്നാൽ, 600ഓളം വിദ്യാർഥികൾക്കുമാത്രമേ സീറ്റ് ലഭിക്കൂ. കുപ്പാടിയിലെ സെൻറ് മേരീസ് കോളജാണ് ഇവിടത്തെ പ്രധാന ആശ്രയം. ഇവിടെ സീറ്റുകൾ പരിമിതമാണ്. അതിനാൽ വലിയ ഫീസ് കൊടുത്ത് സ്വകാര്യ കോളജുകളിൽ പഠിക്കാൻ കൂടുതൽ വിദ്യാർഥികൾ നിർബന്ധിതരാവുകയാണ്. ജില്ലയിൽ വൈത്തിരി, മാനന്തവാടി താലൂക്കുകളിൽ ഗവ. കോളജുകളുണ്ട്. സുൽത്താൻ ബത്തേരിയിൽ മാത്രമാണ് ഇപ്പോൾ ഇല്ലാത്തത്. ഇക്കാര്യം സ്ഥലം എം.എൽ.എ പലതവണ നിയമസഭയിൽ ഉന്നയിക്കുകയുണ്ടായി.
ബജറ്റിൽ തുക വകയിരുത്തി സർക്കാറും വലിയ താൽപര്യം കാണിക്കുന്നു. അടുത്ത അധ്യയന വർഷമെങ്കിലും കോളജ് യാഥാർഥ്യമാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.