കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോൾ സുൽത്താൻ ബത്തേരി മുനിസിപ്പൽ സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിന് മുന്നിൽ ആരാധകരുടെ ആഘോഷം

സുൽത്താന്മാരായി ബ്ലാസ്റ്റേഴ്സ്; ആർപ്പുവിളിച്ച് ബത്തേരി

സുൽത്താൻ ബത്തേരി: ടൂർണമെൻറിന് സാക്ഷികളാകാനെന്ന പോലെ കാണികൾ ഒഴുകിയെത്തിയ ആവേശഗാലറിക്ക് ആഘോഷമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശനം.

ബത്തേരി മുനിസിപ്പൽ സ്റ്റേഡിയത്തിലൊരുക്കിയ ബിഗ് സ്ക്രീനിൽ കളി കാണാനെത്തിയവർക്ക് അനൽപമായ ആവേശം പകർന്നു നൽകിയാണ് ബ്ലാസ്റ്റേഴ്സ് എതിരാളികളായ ജംഷഡ്പൂരിനെ മലർത്തിയടിച്ച് ഐ.എസ്.എൽ ഫുട്ബാൾ കലാശക്കളിയിൽ ഇടമുറപ്പിച്ചത്. വയനാട് 'മഞ്ഞപ്പട'യെന്ന സംഘാടക സംഘത്തെ അതിശയിപ്പിച്ച് നൂറുകണക്കിന് കാണികളാണ് സുൽത്താൻ ബത്തേരി മുനിസിപ്പൽ സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിന് മുന്നിലേക്ക് ഒഴുകിയെത്തിയത്.

സ്ക്രീനിനു മുന്നിലെ എട്ടു പടവുകൾ ഉയരമുള്ള ഗാലറി നിറഞ്ഞുകവിഞ്ഞതോടെ മൈതാനത്തെ പുൽത്തകിടിയിലേക്ക് ആരാധകക്കൂട്ടം ഒഴുകിപ്പരന്നു.

ആദ്യ നിമിഷങ്ങളിൽ ആൽവാരോ വാസ്ക്വേസ് സുവർണാവസരം പാഴാക്കിയതോടെ കടുത്ത നിരാശയിലമർന്ന ആരാധകക്കൂട്ടം പത്താം മിനിറ്റിൽ എതിർവല കുലുങ്ങിയപ്പോൾ ആവേശംകൊണ്ട് പൊട്ടിത്തെറിച്ചു.

പക്ഷേ, റഫറിയുടെ ഓഫ് സൈഡ് ഫ്ലാഗുയർന്നതോടെ അത് പൊടുന്നനെ കെട്ടടങ്ങി. വൈകാതെ ആവേശം അണപൊട്ടിയൊഴുകി.

ക്യാപ്റ്റൻ അഡ്രിയാൻ ലൂന എതിർ ഡിഫൻസിനെ വെട്ടിയൊഴിഞ്ഞ് വലയുടെ ഇടതുമൂലയിലേക്ക് പന്ത് പ്ലേസ് ചെയ്തതോടെ സ്ക്രീനിനുമുന്നിലെ നിറഞ്ഞ ഗാലറി ഉന്മാദത്തിലാണ്ടു. മൊത്തം രണ്ടു ഗോളിന്റെ ലീഡ് ആർജിച്ചതോടെ ആരാധകക്കൂട്ടത്തിന് ആശ്വാസമായി.

ഇടക്ക് ആവേശംകെടുത്തി സ്ക്രീൻ നിശ്ചലമാകുമ്പോഴും ക്ലാരിറ്റി കുറയുമ്പോഴും കൂക്കിവിളിക്കാൻ കാണികൾ മറന്നതുമില്ല. ഇതിനിടയിൽ ജാംഷഡ്പുർ ഒരുതവണ പന്ത് ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ചതോടെ ആരാധകർ ഞെട്ടി. എന്നാൽ, അത് ഓഫ്സൈഡായി റഫറി വിധിച്ചതോടെ നിരാശ മാറി ആഘോഷമായി.

ഇടവേളക്കുപിന്നാലെ കൂടുതൽ കാണികൾ സ്ക്രീനിന് മുന്നിലേക്കെത്തി. എന്നാൽ, ആരാധകക്കൂട്ടത്തെ ഹതാശരാക്കി ജാംഷഡ്പുർ ഒരു ഗോൾ തിരിച്ചടിച്ചതോടെ പിന്നീടുള്ള ഓരോ നിമിഷങ്ങളിലും കാണികൾ ഉദ്വേഗത്തിന്റെ മുൾമുനയിലായിരുന്നു. ഒടുവിൽ അവസാന നിമിഷങ്ങളെത്തിയപ്പോൾ 'ബ്ലാസ്റ്റേഴ്സ്, ബ്ലാസ്റ്റേഴ്സ്' എന്ന മുദ്രാവാക്യങ്ങളാൽ മുഖരിതമായ ഗാലറി അന്തിമ വിസിലോടെ ഉന്മാദനൃത്തം ചവിട്ടി.

Tags:    
News Summary - heavy crowd in bathery municipal stadium to watch kerala blasters semi final match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.