സുൽത്താൻ ബത്തേരി: നഗരത്തിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടി ഉണ്ടാവുന്നില്ലെന്ന് ആക്ഷേപം. നഗരത്തിലെ ട്രാഫിക് സമ്പ്രദായം കുത്തഴിഞ്ഞ അവസ്ഥയിലായിട്ട് ഒരു മാസത്തിലേറെയായി. ആംബുലൻസ് പോലും ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത് പതിവായി.
അസംപ്ഷൻ ജങ്ഷൻ മുതൽ കോട്ടക്കുന്ന് വരെയുള്ള ഭാഗത്താണ് ട്രാഫിക് ബ്ലോക് പതിവായിട്ടുള്ളത്. ഒന്നര കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ അരമണിക്കൂറിലേറെയാണ് ഒട്ടുമിക്ക വാഹനങ്ങൾക്കും എടുക്കേണ്ടിവരുന്നത്. നഗരത്തിലെത്തുന്ന ബസുകൾ കുരുക്കിലകപ്പെട്ട്, സമയ നഷ്ടമുണ്ടായി അടുത്ത ട്രിപ്പ് ഓടിക്കാൻ പറ്റാത്ത സ്ഥിതിയുണ്ടാകുന്നു. ദീർഘദൂര സ്വകാര്യവാഹനങ്ങളും നഗരത്തിലെത്തി കുരുക്കിൽ പെടുന്നത് പതിവാകുകയാണ്.
അസംപ്ഷൻ ജങ്ഷൻ മുതൽ ട്രാഫിക് ജങ്ഷൻ വരെയും ഗാന്ധി ജങ്ഷൻ മുതൽ അസംപ്ഷൻ ജങ്ഷൻ വരെയും വൺവേ റോഡുകളാണ്. ഈ റോഡുകളിലും വാഹനങ്ങളുടെ ബാഹുല്യം വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. ട്രാഫിക് ജങ്ഷൻ മുതൽ കോട്ടക്കുന്ന് വരെയുള്ള ഭാഗത്താണ് ഏറ്റവും കൂടുതൽ കുരുക്ക് ഉണ്ടാകുന്നത്. പൊലീസുകാർക്ക് നിയന്ത്രിക്കാൻ പറ്റാത്ത രീതിയിൽ ഇത് പലപ്പോഴും മാറുന്നുണ്ട്.
അനധികൃത പാർക്കിങ് ആണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. എന്നാൽ, ഇത് നിയന്ത്രിക്കാനുള്ള യാതൊരു നടപടികളും ഉണ്ടാവുന്നില്ല. കാറുകൾ തോന്നിയിടങ്ങളിലൊക്കെ പാർക്ക് ചെയ്യുന്നത് പതിവ് കാഴ്ചയാണ്. ലോറികളുടെ ചരക്ക് കയറ്റിയിറക്കും പ്രശ്നമാകുന്നു. കുരുക്കിനിടയിൽ വഴിതെറ്റി വരുന്ന വാഹനങ്ങളെ നിയന്ത്രിക്കേണ്ടതും അത്യാവശ്യമായിട്ടുണ്ട്.
ചുള്ളിയോട് റോഡിൽ നിന്ന് തുടങ്ങി ചുങ്കം പുതിയ ബസ് സ്റ്റാൻഡിനടുത്ത് അവസാനിക്കുന്ന ബൈപാസ് റോഡ് നഗരം കുരിക്കിലകപ്പെടുമ്പോഴും കാലിയായ അവസ്ഥയിലാണ്. ഈ റോഡ് വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയാൽ ട്രാഫിക് കുരുക്ക് പരിധിവരെ നിയന്ത്രിക്കാൻ കഴിയും. അതിന് ട്രാഫിക് സംവിധാനത്തിൽ അഴിച്ചു പണിതന്നെ അനിവാര്യമാണ്.
നഗരത്തിൽ 700 ഓളം ഓട്ടോറിക്ഷകൾ ഇപ്പോൾ സർവിസ് നടത്തുന്നുണ്ട്. ട്രാഫിക് കുരുക്ക് പതിവായതോടെ ഇവർക്ക് തൊഴിലെടുക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് തൊഴിലാളികൾ കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.
കുരുക്കിന് പ്രധാന കാരണം സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങാണെന്ന് ഓട്ടോ തൊഴിലാളികളും ആരോപിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് സ്വകാര്യ വാഹനങ്ങൾ കടന്നുപോകുന്നത് സുൽത്താൻ ബത്തേരി നഗരത്തിന്റെ പ്രത്യേകതയാണ്. ഇവ കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിൽ പാർക്ക് ചെയ്യുന്നത് സാധാരണമാണ്. ഇത് നിയന്ത്രിക്കാത്തത് കൂടുതൽ ഗതാഗതക്കുരുക്കിന് കാരണമാവുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.