സുൽത്താൻ ബത്തേരി: നൂൽപുഴ പഞ്ചായത്തിലെ കല്ലൂർ 67ലെ പൈതൃക മ്യൂസിയം അടഞ്ഞു തന്നെ. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്ത മ്യൂസിയമാണ് മാസങ്ങളായി അടഞ്ഞു കിടക്കുന്നത്. വിവിധ ഗോത്രവർഗ വിഭാഗങ്ങളും പഴമക്കാരും ഉപയോഗിച്ചു പോന്നതും അന്യം നിന്നതുമായ സാധന സാമഗ്രികളുടെ ശേഖരമാണ് മ്യൂസിയത്തിൽ ഒരുക്കിയിട്ടുള്ളത്. പുൽപായ മുതൽ കടുവകളെയും പുലികളെയും വേട്ടയാടിയിരുന്ന നരികുത്തി വരെ മ്യൂസിയത്തിലുണ്ട്.
നൂറിലധികം കാഴ്ചവസ്തുക്കളാണ് ഇപ്പോൾ മ്യൂസിയത്തിലുള്ളത്. കൂടുതൽ വസ്തുക്കൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. 25 ലക്ഷം രൂപയുടെ എം.എൽ.എ ഫണ്ടും 10 ലക്ഷം രൂപയുടെ പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ചാണ് മ്യൂസിയം പൂർത്തിയാക്കിയത്. കെട്ടിട നിർമാണത്തിന് ശേഷം അകത്ത് മോടി പിടിപ്പിക്കാനാണ് പഞ്ചായത്ത് ഫണ്ട് മുടക്കിയത്.
എന്നാൽ, സന്ദർശകരെ പ്രവേശിപ്പിക്കാനുള്ള നടപടി വൈകുകയായിരുന്നു. ടിക്കറ്റ് കൗണ്ടർ ഉൾപ്പെടെയുള്ളവ നിർമിച്ച് സന്ദർശകരെ പ്രവേശിപ്പിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിട്ടിരുന്നത്.
ഉടൻ തുറക്കും -പഞ്ചായത്ത് അധികൃതർ
കല്ലൂർ 67ലെ പൈതൃക മ്യൂസിയം ഉടൻ തുറക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മ്യൂസിയം നടത്തിപ്പ് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ പഞ്ചായത്ത് നടത്തിവരുന്നത്. അതിനുള്ള ലേലം വിളി തിങ്കളാഴ്ച പഞ്ചായത്ത് ഓഫിസിൽ നടക്കുമെന്നും വൈസ് പ്രസിഡന്റ് ഉസ്മാൻ നായ്ക്കട്ടി പറഞ്ഞു. മ്യൂസിയം നടത്തിപ്പ് ഏജൻസിയെ ഏൽപ്പിച്ചാൽ കൂടുതൽ കാര്യക്ഷമമാകുമെന്നാണ് ഭരണസമിതി കണക്കുകൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.