സുൽത്താൻ ബത്തേരി: 'നഗര വികസനത്തിൽ എെൻറ പങ്ക് കുറച്ചു കാണിക്കാൻ ആരും ശ്രമിക്കരുത്. സി.പി.എം. മാത്രമല്ല. അതിന് അവസരമൊരുക്കിയത് ഞാനാണ്. 80 ശതമാനം വികസനവും എെൻറ കാലത്താണ് കൊണ്ടുവന്നത്' -ഇക്കഴിഞ്ഞ എൽ.ഡി.എഫ് ഭരണത്തിൽ ചെയർമാനായ ടി.എൽ. സാബു പറഞ്ഞു. തെരഞ്ഞെടുപ്പ് ഗോദയിൽ എൽ.ഡി.എഫിനെ പൂട്ടാനുറച്ച് രംഗത്തിറങ്ങിയിരിക്കുകയാണ് അദ്ദേഹം.
അതുകൊണ്ടാണ് കട്ടയാട് ഡിവിഷനിൽ സ്വതന്ത്രയായി ഭാര്യ നിഷ സാബു ജനവിധി തേടുന്നത്. ഒപ്പംനിന്ന തന്നോട് സി.പി.എം നേതാക്കൾ നന്ദികേടു കാണിച്ചതായി സാബു പറഞ്ഞു. വെൽഫെയർ പാർട്ടി, എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾക്കിടയിൽ സ്വതന്ത്ര സ്ഥാനാർഥിയുടെ പ്രചാരണം കട്ടയാട് ഡിവിഷനെ ശ്രദ്ധേയമാക്കുന്നു.
നഗരസഭയിൽ കടുത്ത മത്സരം നടക്കുന്ന ഒരു ഡിവിഷൻ കട്ടയാടുതന്നെ. ഭരണനേട്ടം പറഞ്ഞാണ് എൽ.ഡി.എഫ് സ്ഥാനാർഥി വോട്ട് ചോദിക്കുന്നത്. നഗരത്തിലെ ക്ലീൻ സിറ്റി-ഗ്രീൻ സിറ്റി പദ്ധതികൾ, ബൈപാസ് റോഡ് എന്നിവയൊക്കെ ഭരണനേട്ടമായി പറയുമ്പോൾ ചെയർമാൻ കസേരയിലിരുന്ന് അതിെൻറ 80 ശതമാനവും നടപ്പാക്കിയത് തെൻറ കഴിവാണെന്ന് സാബു പറയുന്നു.
പ്രതിസന്ധി ഘട്ടത്തിൽ സി.പി.എമ്മിനൊപ്പം ഉറച്ചുനിന്ന തന്നോട് അവർ നന്ദികേട് കാട്ടി. ഭാര്യയെ സ്ഥാനാർഥിയാക്കിയത് അതുകൊണ്ടാണെന്നും ടി.എൽ. സാബു വ്യക്തമാക്കി.
2015ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പമായിരുന്ന കേരള കോൺഗ്രസ് മാണി ഗ്രൂപ് പ്രതിനിധിയായാണ് സാബു കട്ടയാട് ഡിവിഷനിൽനിന്നു വിജയിച്ചത്. 35 ഡിവിഷനുകളിൽ യു.ഡി.എഫും എൽ.ഡി.എഫും 17-17 എന്ന നിലയിലും ബി.ജെ.പി ഒന്നിലും വിജയിച്ചതോടെ ഭരണ സമിതിയുണ്ടാക്കുന്നതിൽ അനിശ്ചിതാവസ്ഥയുണ്ടായി.
വടംവലിക്കിടയിൽ സാബു എൽ.ഡി.എഫിനൊപ്പം ചേർന്നതോടെ അവർ അധികാരത്തിലെത്തി. തുടക്കത്തിലെ രണ്ടര വർഷം സി.പി.എം നേതാവ് സി.കെ. സഹദേവനായിരുന്നു ചെയർമാൻ. രണ്ടര വർഷത്തിനുശേഷം സാബുവിന് ചെയർമാൻ സ്ഥാനം നൽകാൻ എൽ.ഡി.എഫ് തയാറായി.
ഒരു വർഷം കഴിഞ്ഞപ്പോൾ കേരള കോൺഗ്രസ് നേതൃത്വം സാബുവിനോട് എൽ.ഡി.എഫ് ബന്ധം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ല. അങ്ങനെ കേരള കോൺഗ്രസിൽനിന്ന് പുറത്തായെങ്കിലും എൽ.ഡി.എഫിനൊപ്പം ഉറച്ചുനിന്നു. എന്നാൽ, ഭരണത്തിെൻറ അവസാന കാലത്ത് സി.പി.എം ഇടഞ്ഞു. സാബു എൽ.ഡി.എഫുമായി അടുത്തു നിൽക്കാൻ നോക്കിയെങ്കിലും അവർ സാബുവിനെ തഴഞ്ഞു. അങ്ങനെയാണ് ഈ തെരഞ്ഞെടുപ്പിൽ സാബു ഒറ്റയാൻ പോരാട്ടം തുടങ്ങിയത്.
സി.പി.എമ്മിലെ ജയന്തി ശശീന്ദ്രൻ, കോൺഗ്രസിലെ ശാലിനി രാജേഷ്, വെൽഫെയർ പാർട്ടിയുടെ ജസീന മുജീബ്, ബി.ജെ.പിയുടെ വിനീറ്റ എന്നിവരാണ് കട്ടയാട് വാർഡിലെ മറ്റ് സ്ഥാനാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.