സുൽത്താൻ ബത്തേരി: വിശാലമായ സ്ഥല സൗകര്യമുള്ള മീനങ്ങാടി ശ്രീകണ്ഠപ്പ സ്റ്റേഡിയം അവഗണിക്കപ്പെടുന്നതായി ആക്ഷേപം. സ്റ്റേഡിയത്തോടനുബന്ധിച്ചുള്ള ഡ്രസിങ് റൂമിന്റെ കാടു പിടിച്ചു കിടക്കുന്ന പരിസരം അധികൃതർക്ക് സ്റ്റേഡിയത്തോട് പൊതുവേയുള്ള മനോഭാവം വ്യക്തമാക്കുന്നതാണ്.
കാടിനുപുറമേ മലിനജലവും ഇവിടെ കെട്ടിക്കിടക്കുന്നുണ്ട്. ഏഴേക്കറോളം സ്ഥലത്താണ് മീനങ്ങാടി പഞ്ചായത്തിന്റെ ശ്രീകണ്ഠപ്പ സ്റ്റേഡിയമുള്ളത്. 400 മീറ്റർ ട്രാക്കിനുള്ള സൗകര്യം ഇവിടെയുണ്ട്. എന്നാൽ, ഒരു ഫുട്ബാൾ മൈതാനത്തിന്റെ വിസ്താരത്തിൽ മാത്രമാണ് ഇപ്പോൾ വലിയ കുഴപ്പമില്ലാതെ കിടക്കുന്നത്. സകല കായിക പരിശീലനങ്ങളും ഏകദേശം രണ്ട് ഏക്കറോളം ഭാഗത്ത് ഒതുക്കേണ്ടി വരുന്നു.
രണ്ട് പ്രവേശന കവാടങ്ങളാണ് സ്റ്റേഡിയത്തിലേക്കുള്ളത്. രണ്ടിടത്തും ചളിക്കളം താണ്ടി വേണം കടക്കാൻ. പനമരം റോഡിൽ നിന്നുള്ള പ്രവേശന കവാടത്തിലൂടെ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാമെന്ന് കരുതിയാൽ നഗരത്തിലെ ഓടയിൽനിന്നുള്ള മാലിന്യത്തിലൂടെ വേണം അകത്തേക്ക് കടക്കാൻ.
പനമരം റോഡിൽനിന്ന് 50 മീറ്റർ ദൂരമാണ് സ്റ്റേഡിയത്തിലേക്കുള്ളത്. റോഡിന്റെ നടുവിലൂടെയാണ് അഴുക്കുചാലും സ്ലാബുമുള്ളത്. പതിറ്റാണ്ടുകൾ പഴക്കമുള്ള സ്ലാബുകൾ തകർന്നു കിടക്കുകയാണ്. റോഡിലാകെ വൃത്തിഹീനമായ ചുറ്റുപാടാണ്. റോഡ് അവസാനിക്കുന്നതിന് സമീപമാണ് ഡ്രസിങ് റൂം. ഇതിന്റെ മുൻവശം മാത്രമാണ് കാട് പിടിക്കാത്ത അവസ്ഥയിലുള്ളത്. പുറകുവശത്ത് ടൗണിൽ നിന്നുള്ള അഴുക്കുചാലാണ്. ഈ ഭാഗത്ത് വലിയ ദുർഗന്ധമാണ്. ചെറിയ മഴപെയ്താൽ പോലും സ്റ്റേഡിയമാകെ വെള്ളക്കെട്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. സുരക്ഷാ മതിലും വേലിയും പലയിടത്തും തകർന്നു കിടക്കുകയാണ്. ദേശീയതലത്തിൽ ഒട്ടേറെ കായികതാരങ്ങൾ കളിച്ചു വളർന്ന മൈതാനമാണ് മീനങ്ങാടിയിലേത്. ദേശീയ സംസ്ഥാന തലത്തിലെ ഒട്ടേറെ ഫുട്ബാൾ ക്ലബ്ബുകളിൽ മീനങ്ങാടി സ്റ്റേഡിയത്തിൽനിന്ന് കളിപഠിച്ച താരങ്ങളുണ്ട്. നിലവിൽ ജില്ലയിലെ ഏറ്റവും മികച്ച ഫുട്ബാൾ അക്കാദമികളിലൊന്ന് ഇവിടെയാണ്. ജില്ല സ്കൂൾ കായിക മേള, കേരളോത്സവങ്ങൾ എന്നിവയൊക്കെ ഇവിടെ നടത്തിയിട്ടുണ്ട്.
സ്റ്റേഡിയത്തിന്റെ നവീകരണത്തിനും വിവിധ പ്രവൃത്തികൾക്കുമായി അഞ്ചു കോടിയുടെ ഭരണാനുമതി ലഭിച്ചതായി മാസങ്ങൾക്ക് മുമ്പ് വാർത്തയുണ്ടായിരുന്നു. പിന്നീട് നടപടികളൊന്നുമുണ്ടായില്ല.
ഫണ്ട് ലഭ്യമാക്കിയാൽ രാജ്യാന്തര നിലവാരത്തിലുള്ള 400 മീറ്റർ ട്രാക്ക്, ഫുട്ബാൾ കോർട്ട് തുടങ്ങിയ സൗകര്യങ്ങളൊക്കെ സ്റ്റേഡിയത്തിൽ വരും. അത്യാവശ്യം വേണ്ട ഗ്യാലറിയും നിർമിക്കാനുകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.