പ്രതീകാത്മക ചിത്രം

കൈപ്പഞ്ചേരി ജലാറ്റിൻ സ്റ്റിക്ക്: ദേശീയ ഏജൻസി അന്വേഷിക്കണമെന്ന് യു.ഡി.എഫ്

സുൽത്താൻ ബത്തേരി: കൈപ്പഞ്ചേരിയിൽ ജലാറ്റിൻ സ്റ്റിക്ക് കണ്ടെത്തിയ സംഭവത്തിൽ ദേശീയ ഏജൻസിയോ, ജുഡീഷ്യൽ അന്വേഷണമോ വേണമെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കേസിൽപ്പെട്ടവരും പൊലീസ് തിരയുന്നവരും സി.പി.എമ്മുമായി അടുത്ത ബന്ധമുള്ളവരാണ്. അതിനാൽ കേരള പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്തുവരില്ല. ജലാറ്റിൻ സ്റ്റിക്ക് ഇവിടെ എത്തിച്ചത് സ്ഫോടനം നടത്തുക എന്ന ഉദ്ദേശ്യത്തിലാണ്. വയനാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.

കണ്ണൂരിലെ പോലെ ഇവിടെയും സ്ഫോടകവസ്തുക്കൾ നിർമിക്കുന്ന ഇടമുണ്ടോ എന്ന് പരിശോധിക്കണം. സി.പി.എം നേതാക്കളുടെ തണലിൽ ഗുണ്ടാസംഘങ്ങൾ വളരുകയാണ്. കഴിഞ്ഞ വർഷം സുൽത്താൻ ബത്തേരി നഗരത്തോട് ചേർന്നുള്ള കാരക്കണ്ടിയിൽ മൂന്ന് കൗമാരക്കാർ മരിച്ചത് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ്.  ആ അന്വേഷണം കേരള പൊലീസ് അട്ടിമറിച്ചത് സംശയങ്ങൾക്കിടയാക്കുന്നു.

മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്‍റ് പി.പി. അയ്യൂബ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് അഡ്വ. സതീഷ് പൂതിക്കാട്, ഷബീർ അഹമ്മദ്, നുറുദ്ദീൻ പഴേരി, സണ്ണി ജോസഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

ജലാറ്റിൻ സ്റ്റിക്കിനെ ചൊല്ലി ബത്തേരിയിൽ രാഷ്ട്രീയ കൊമ്പുകോർക്കൽ

സുൽത്താൻ ബത്തേരി: കൈപ്പഞ്ചേരിയിൽനിന്ന് വ്യാഴാഴ്ച കണ്ടെടുത്ത ഒമ്പത് ജലാറ്റിൻ സ്റ്റിക്ക് സംബന്ധിച്ച് സുൽത്താൻ ബത്തേരിയിൽ രാഷ്ട്രീയ കൊമ്പുകോർക്കൽ ശക്തമായി. കോൺഗ്രസും മുസ്‌ലിം ലീഗും ബി.ജെ.പിയും സി.പി.എമ്മിനെ കടന്നാക്രമിക്കുകയാണ്. ഇതിനിടയിൽ അന്വേഷണം നടത്തുന്ന പൊലീസ് നിശ്ശബ്ദതയിലും.

ക്വട്ടേഷൻ, ഗുണ്ടാസംഘങ്ങൾക്കിടയിലെ ആഭ്യന്തര പ്രശ്നങ്ങൾക്കിടയിലാണ് യാദൃശ്ചികമായി ജലാറ്റിൻ സ്റ്റിക്ക് കടന്നുവരുന്നത്. കവർച്ചമുതൽ കണ്ടെടുക്കുന്നതിനിടയിൽ ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുവും ലഭിച്ചതോടെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ സടകുടഞ്ഞു. ആദ്യം അറസ്റ്റിലായ ആൾ സി.പി.എം പ്രവർത്തകനാണെന്നറിഞ്ഞതോടെയാണ് വിവാദം കത്തിപ്പടർന്നത്. യു.ഡി.എഫ്, ബി.ജെ.പി കക്ഷികളുടെ ആരോപണങ്ങൾക്കെതിരെ സി.പി.എം പ്രതിരോധത്തിലാണ്. കഴിഞ്ഞ വർഷം ഏപ്രിൽ 22നാണ് മൂന്ന് കൗമാരക്കാരുടെ മരണത്തിനിടയാക്കിയ കാരക്കണ്ടി സ്ഫോടനം നടന്നത്.

കാരക്കണ്ടിയിൽ പഴയ സാഗർ തിയറ്ററിനടുത്താണ് ആൾതാമസമില്ലാത്ത വീടുള്ളത്.വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസെന്ന് തോന്നിക്കുന്ന കോൺക്രീറ്റ് ഷെഡിനുള്ളിലാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. സ്ഫോടകവസ്തു അവിടെ എങ്ങനെ എത്തിയെന്ന അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതാണ് പ്രതിപക്ഷ കക്ഷികൾക്ക് ഇപ്പോൾ പൊലീസിനെ അടിക്കാനുള്ള ആയുധമാകുന്നത്. കാരക്കണ്ടി കേസിന്‍റെ അവസ്ഥ കൈപ്പഞ്ചേരിയിലെ ജലാറ്റിൻ സ്റ്റിക്ക് സംഭവത്തിനുമുണ്ടാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.


പ്രചാരണങ്ങൾക്കെതിരെ സി.പി.എം പ്രകടനം

സുൽത്താൻ ബത്തേരി: കൈപ്പഞ്ചേരിയിലെ വാഴത്തോട്ടത്തിൽനിന്ന് സ്ഫോടകവസ്തു പിടിച്ചതുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ ബി.ജെ.പി.യും മുസ്ലിം ലീഗും കുപ്രചാരണം നടത്തുകയാണെന്നാരോപിച്ച് സുൽത്താൻ ബത്തേരിയിൽ സി.പി.എം പ്രതിഷേധ പ്രകടനം നടത്തി. കെ.സി. യോഹന്നാൻ, കെ.വൈ. നിധിൻ, പി.സി. രജീഷ്, ടി.പി. പ്രമോദ്, സണ്ണി ജോസഫ്, കെ.വി. മോഹനൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Kaipancherry gelatin stick: UDF demands probe by national agency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.