സുൽത്താൻ ബത്തേരി: ദേശീയ പാതയിലെ സുൽത്താൻ ബത്തേരിക്കും കൈനാട്ടിക്കും ഇടയിലുള്ള ഭാഗം വാഹനാപകടത്തിന്റെ പേരിൽ കുരുതിക്കളമാകുമ്പോൾ വേഗം നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തം. ചൊവ്വാഴ്ച രാവിലെ വാര്യാട് ഉണ്ടായ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണവും അമിതവേഗമാണ്. അൽപകാലം അപകടങ്ങൾ വിട്ടുനിന്ന ഇടവേളക്കുശേഷമാണ് വാര്യാട് മൂന്നുപേരുടെ ജീവൻ കവർന്ന അപകടം നടന്നിരിക്കുന്നത്.
മുട്ടിലിന് ശേഷം കൊളവയൽ മുതൽ കാക്കവയൽ വരെ ദേശീയപാത ഏറക്കുറെ നേർ രേഖയിലാണ്. അതിനാൽ വാഹനങ്ങൾ പരമാവധി വേഗത്തിലാണ് ഈ ഭാഗത്ത് സഞ്ചരിക്കുന്നത്. ഇതിനിടയിൽ ഓവർടേക്ക് കൂടിയാകുമ്പോൾ അപകട സാധ്യത ഇരട്ടിക്കുന്നു. ചൊവ്വാഴ്ചത്തെ അപകടത്തിൽ കാർ അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പാൽ കയറ്റിവന്ന ടാങ്കർ ലോറിക്കും വേഗത്തിന് കുറവുണ്ടായിരുന്നില്ല. മുമ്പ് കൊളവയൽ കവലയ്ക്കും വാര്യാടിനുമിടയിൽ മാത്രം നിരവധി ജീവനുകൾ ഹോമിക്കപ്പെട്ടിട്ടുണ്ട്. മുമ്പ് വാര്യാട് ഭാഗത്ത് വേഗനിയന്ത്രണ സംവിധാനങ്ങൾ ഉണ്ടായിരുന്നു. ആധുനിക ഉപകരണങ്ങളുമായുള്ള മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയും ഈ ഭാഗത്ത് ഉണ്ടായിരുന്നു. അപ്പോഴൊക്കെ വാഹനങ്ങൾ വേഗം കുറയ്ക്കും. വാര്യാടിന് ശേഷം കാക്കവയൽ സുധിക്കവല ഇറക്കം, കുട്ടിരായൻ പാലം, മീനങ്ങാടിക്ക് ശേഷം 54 അമ്പലക്കവല, കൃഷ്ണഗിരി വളവ്, പാതിരിപ്പാലം ഇറക്കവും കയറ്റവും, കൊളഗപ്പാറ പള്ളി വളവ്, ദൊട്ടപ്പൻകുളം എന്നിങ്ങനെ ദേശീയ പാതയിലെ അപകട മേഖലകളിലൊക്കെ വാഹനങ്ങൾ ചീറിപ്പായുകയാണ്. ഒന്നര മാസം മുമ്പ് പാതിരിപ്പാലത്ത് അമിത വേഗത്തിലെത്തിയ ലോറി നിർത്തിയിട്ട ഓട്ടോയെ ഇടിച്ചു തെറിപ്പിച്ച് ഓട്ടോ ഡ്രൈവർ മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റവരുമേറെയാണ്. ഒരു നിയന്ത്രണങ്ങളുമില്ലാതെയാണ് ഈ ഭാഗത്ത് വാഹനങ്ങൾ ചീറിപ്പായുന്നത്. കൊളഗപ്പാറക്കടുത്ത് എക്സ്- സർവീസ് മെൻ കോളനി ഇറക്കത്തിലും വേഗം കുറയ്ക്കാൻ നടപടി എടുക്കേണ്ടത് അത്യാവശ്യമാണ്.
പാട്ടവയൽ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി
ഗൂഡല്ലൂർ: പാട്ടവയൽ ടൗണിൽ ഫിനാൻസ് സ്ഥാപനം നടത്തിവരുന്ന പുത്തൻപുരക്കൽ പ്രവീഷിന്റെയും കുടുംബത്തിന്റെയും അപകടമരണം പാട്ടവയൽ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി.
ഒരാഴ്ച മുമ്പാണ് പ്രവീഷ്, അമ്മ പ്രേമലത, ഭാര്യ ശ്രീജിഷ എന്നിവർ ബാലുശ്ശേരി നന്മണ്ടയിൽ വിവാഹത്തിനു പോയി ചൊവ്വാഴ്ച രാവിലെ സ്വദേശമായ പാട്ടവയലിലേക്ക് തിരിച്ചുവരവെ വയനാട് കാക്കവയലിലുണ്ടായ അപകടത്തിൽ മരിച്ചത്. ബംഗളൂരുവിൽ ജോലിയുണ്ടായിരുന്ന പ്രവീഷ് കോവിഡ് ലോക്ഡൗണിലാണ് നാട്ടിലേക്കു മടങ്ങിയത്.
കഴിഞ്ഞ ഒരു വർഷമായി പാട്ടവയലിൽ സ്വകാര്യ പണമിടപാട് സ്ഥാപനം ആരംഭിച്ചത്. അച്ഛൻ വിജയൻ മാത്രമാണ് വീട്ടിൽനിന്ന് പോകാതിരുന്നത്. ഒരു കുടുംബത്തിലെ മൂന്നു പേരുടെ മരണം നാടിനെയും നാട്ടുകാരെയും നടുക്കി. ആരവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.