സുൽത്താൻ ബത്തേരി: മൂന്നാർ ഡിപ്പോയിൽ പരീക്ഷിച്ച് വിജയിച്ച സ്ലീപ്പർ കോച്ച് സുൽത്താൻ ബത്തേരി ഡിപ്പോയിലും പരീക്ഷിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. മൂന്ന് ബസുകൾ ഇതിനായി ഒരുക്കിക്കഴിഞ്ഞു. മാർച്ച് മാസത്തോടെ ടൂറിസ്റ്റുകളെ താമസിപ്പിക്കാൻ ലക്ഷ്യമിട്ടാണ് അധികൃതർ ഒരുക്കം നടത്തുന്നത്. തിരുവനന്തപുരത്തുനിന്ന് എത്തിച്ച ഓടിപ്പഴകിയ മൂന്ന് ബസുകളാണ് സുൽത്താൻ ബത്തേരി ഗാരേജിൽ സ്ലീപ്പർ കോച്ചുകളായിട്ടുള്ളത്. 16 ആളുകൾക്ക് വീതം അന്തിയുറങ്ങാവുന്ന രീതിയിലാണ് ബസുകൾ ഒരുക്കിയിട്ടുള്ളത്.
ബസുകളിലൊന്ന് രണ്ട് കുടുംബങ്ങളെ ഉദ്ദേശിച്ചാണ്. ഓരോ റൂമിലും ഒരു വലിയ കട്ടിലും ഒരു ചെറുതുമുണ്ട്. ഒരു കുടുംബത്തിന് ഒരു രാത്രിക്ക് 800 രൂപയാണ് ഈടാക്കുക. മറ്റ് ബസുകളിൽ ഒരാൾക്ക് 100 രൂപയാണ് ഒരു രാത്രി തങ്ങാൻ വാടക. കിടക്കകൾക്ക് പുറമെ ഡ്രസിങ് റൂം, തീൻമേശ, കൈകഴുകാനുള്ള ഇടം, ലഗേജുകൾ സൂക്ഷിക്കാനുള്ള അലമാര എന്നിവയൊക്കെ എയർ കണ്ടീഷൻ ചെയ്ത സ്ലീപ്പർ കോച്ചിലുണ്ട്.
ആദ്യഘട്ടത്തിൽ പ്രത്യേക ടൂർ പാക്കേജിലൂടെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽനിന്നും കെ.എസ്.ആർ.ടി.സി ടൂറിസ്റ്റുകളെ എത്തിക്കും. സുൽത്താൻ ബത്തേരിയിൽ എത്തി സ്ലീപ്പർ കോച്ചിൽ തങ്ങിയതിനുശേഷം ഇവിടത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സന്ദർശനം നടത്തും. പാക്കേജിെൻറ ഭാഗമായി എത്തുന്ന ബസുകൾക്ക് പകരം വേണമെങ്കിൽ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് മിനി ബസുകൾ ഓടിക്കുമെന്ന് ഡി.ടി.ഒ പറഞ്ഞു.
2020ലാണ് മൂന്നാറിൽ പരീക്ഷണ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി ടൂറിസ്റ്റുകൾക്കായി സ്ലീപ്പർ കോച്ചുകൾ തുടങ്ങിയത്. മലപ്പുറം-മൂന്നാർ പാക്കേജ് ലക്ഷങ്ങളുടെ ലാഭമുണ്ടാക്കി. ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഏറെയുള്ളതിനാൽ വയനാട്ടിലും പദ്ധതി വലിയ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി അധികാരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.