സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂർ പട്ടികവർഗ സർവിസ് സഹകരണ സംഘത്തിൽ കുറുന്തോട്ടിയും ചുണ്ടവേരും കെട്ടിക്കിടന്ന് നശിക്കുമ്പോൾ ആദിവാസി ക്ഷേമം പറയുന്ന വകുപ്പുകളൊക്കെ നിശ്ശബ്ദതയിൽ. ഈ ഉൽപന്നങ്ങൾ ശേഖരിച്ച് നിത്യവൃത്തിക്ക് വഴി കണ്ടെത്തിയിരുന്ന നൂറുകണക്കിന് ആദിവാസി കുടുംബങ്ങളാണ് ഇപ്പോൾ ഗതികേടിലായിരിക്കുന്നത്. പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംഘത്തിന് കീഴിലുള്ളവർ അടുത്ത ദിവസം സമരം നടത്താനുള്ള ഒരുക്കത്തിലാണ്.
രണ്ടുവർഷം മുമ്പ് ശേഖരിച്ച കുറുന്തോട്ടി 30 ടൺ വരും. ചുണ്ട വേരും തണ്ടും കൂടി ആറ് ടണ്ണാണുള്ളത്. ഇത് വിറ്റാൽ ഏകദേശം 40 ലക്ഷം രൂപ ലഭിക്കും. കയറ്റി അയക്കാൻ വനം വകുപ്പ് അനുമതി നൽകാത്തതാണ് കെട്ടിക്കിടക്കാൻ കാരണം. ഇത് സംഘത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിരിക്കുകയാണ്.
ഒരു വർഷത്തിലേറെയായി കുറുന്തോട്ടി, ചുണ്ടവേര് തുടങ്ങിയവയൊന്നും ശേഖരിക്കപ്പെടുന്നില്ല. ആദിവാസികൾക്ക് ഉൽപന്നങ്ങൾ തൂക്കി അപ്പോൾത്തന്നെ കാശ് കൊടുക്കുന്ന സമ്പ്രദായമായിരുന്നു. ഇപ്പോൾ കൊടുക്കാൻ കാശില്ലാത്ത അവസ്ഥയാണ്.
കോട്ടക്കൽ വൈദ്യശാലയിലേക്കാണ് കുറുന്തോട്ടി, ചുണ്ടവേര് എന്നിവ കൊണ്ടുപോയിരുന്നത്. രണ്ടുവർഷം മുമ്പ് ലോഡ് കൊണ്ടുപോകുമ്പോൾ ലക്കിടി ചെക്ക് പോസ്റ്റിൽവെച്ച് തടഞ്ഞു. വനത്തിൽനിന്നു ശേഖരിച്ചതല്ലെന്ന സത്യവാങ് മൂലം നൽകിയ ശേഷമാണ് ലോഡ് കടത്തിവിട്ടത്.
കുറുന്തോട്ടിയും ചുണ്ടവേരും വനത്തിൽ നിന്ന് ശേഖരിച്ചതല്ലെന്ന സാക്ഷ്യപത്രമാണ് ചെക്ക് പോസ്റ്റിൽ ആവശ്യം. സുൽത്താൻ ബത്തേരി, മുത്തങ്ങ റേഞ്ച് ഓഫിസർമാർ ഈ സാക്ഷ്യപത്രം കല്ലൂർ സംഘത്തിന് നൽകിയിട്ടുണ്ട്. എന്നാൽ കൽപറ്റ റേഞ്ച് ഓഫിസറിൽ നിന്ന് ഇത് ലഭിച്ചിട്ടില്ല. ചെക്ക് പോസ്റ്റിൽ കൽപറ്റയിലേതും ആവശ്യമാണ്.
ചുണ്ട, കുറുന്തോട്ടി, ഓരില, മൂവില, വട്ട, തേൻ, കൽപാശം തുടങ്ങിയ ഔഷധ ഗുണമുള്ള വിവിധ വസ്തുക്കളാണ് ശേഖരിച്ച് ആയുർവേദ ഔഷധ നിർമാണശാലകളിലേക്ക് കൊണ്ടുപോയിരുന്നത്. 2018 വരെ ഇവക്ക് കടത്തു പാസ് നൽകിയിരുന്നു. തുടർന്ന് 2022 വരെ വനാവകാശ കമ്മിറ്റിയുടെ പാസും സംഘത്തിന്റെ ബില്ലും ഉപയോഗിച്ചാണ് കൊണ്ടു പോയിരുന്നത്.
വ്യാജ പാസ് ഉപയോഗിച്ച് വർഷം തോറും 100 ലോഡ് വനവിഭവങ്ങൾ സൊസൈറ്റിയിൽ നിന്ന് അനധികൃതമായി കടത്തുന്നുവെന്ന് കാണിച്ച് ചിലർ പരാതി അയച്ചതോടെ വനംവകുപ്പിന്റെ ലക്കിടി ചെക്പോസ്റ്റിൽ ലോഡുകൾ തടഞ്ഞു തുടങ്ങി. അതോടെ വനവിഭവങ്ങൾ കൊണ്ടു പോകുന്നതിൽ തടസ്സമുണ്ടായി. പരാതി വ്യാജമാണെന്നാണ് കല്ലൂർ സൊസൈറ്റി അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.