സുൽത്താൻ ബത്തേരി: ജില്ല ലോട്ടറി തൊഴിലാളി സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ തിരിമറി. 23 ലക്ഷത്തോളം തട്ടിയതായാണ് പ്രാഥമിക വിവരം. ഇതുസംബന്ധിച്ച് സംഘം സെക്രട്ടറിയെ ഭരണസമിതി സസ്പെൻഡ് ചെയ്തിട്ടുണ്ട്. സുൽത്താൻ ബത്തേരി ആസ്ഥാനമായിട്ടാണ് സംഘം പ്രവർത്തിക്കുന്നത്.ലോട്ടറി ബോർഡിൽനിന്ന് ലോട്ടറി മൊത്തമായി വാങ്ങി സ്വകാര്യ ഏജൻസിക്ക് ചില്ലറയായി വിൽപന നടത്തിയതിലുള്ള കമീഷൻ സംഘത്തിൽ എത്തിയിട്ടില്ലെന്നാണ് വിവരം.
ഇതുസംബന്ധിച്ച് അന്വേഷണത്തിന് സഹകരണസംഘം ജോ. രജിസ്ട്രാർ കഴിഞ്ഞ ആഗസ്റ്റിൽ ഉത്തരവിറക്കിയിരുന്നു. എന്നാൽ, അന്വേഷണം കാര്യമായി ഉണ്ടായില്ല.സി.പി.എം നേതാക്കളാണ് സംഘം നിയന്ത്രിക്കുന്നത്. നേതാക്കൾ അറിയാതെ ലക്ഷങ്ങളുടെ തിരിമറി നടക്കില്ലെന്നാണ് പ്രതിപക്ഷ പാർട്ടി നേതാക്കൾ പറയുന്നത്. മാസങ്ങളായി പ്രശ്നം പുകയുന്നുണ്ടെങ്കിലും വിവാദമായിരുന്നില്ല.
പ്രചാരണം അടിസ്ഥാനരഹിതമെന്ന്
കൽപറ്റ: ജില്ല ലോട്ടറി തൊഴിലാളി സഹകരണ സംഘത്തിനെതിരായ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2008ൽ പ്രവർത്തനമാരംഭിച്ച സംഘത്തിൽ 2016 ആഗസ്റ്റ് മുതൽ പി.വി. അജിത്ത് ആയിരുന്നു സെക്രട്ടറി. 2020 മാർച്ച് 23 മുതൽ ലോക്ഡൗണിൽ കടകൾ അടച്ചശേഷം ബ്രാഞ്ചുകളിൽനിന്ന് വന്ന പണം ബാങ്കിൽ അടക്കാതെ ഇദ്ദേഹം കൈവശംവെച്ചു. 2020 മേയിൽ ഇയാൾക്ക് നോട്ടീസ് നൽകി. ഭരണസമിതി സബ് കമ്മിറ്റിയെ വെച്ച് കമ്പ്യൂട്ടർ വിദഗ്ധരുടെ സഹായത്തോടെ കണക്കുകൾ പരിശോധിച്ചതിൽ 22.88 ലക്ഷം രൂപയുടെ വ്യത്യാസമുള്ളതായി കണ്ടെത്തി. പണം സംഘത്തിൽ അടക്കാതിരുന്നതോടെ 2020 നവംബറിൽ സെക്രട്ടറി പി.വി. അജിത്തിനെ സസ്പെൻഡ് ചെയ്ത് പൊലീസിൽ പണാപഹരണത്തിന് പരാതി നൽകി. ഇതുപ്രകാരമുള്ള അന്വേഷണമടക്കം നടന്നുവരുകയാണെന്നും മറ്റു രീതിയിലുള്ള പ്രചാരണം രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ളതാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തമ്മേളനത്തിൽ സംഘം പ്രസിഡൻറ് പി.ആർ. ജയപ്രകാശ്, ഡയറക്ടർമാരായ ടി.എസ്. സുരേഷ്, വി.ജെ. ഷിനു, സെക്രട്ടറി ഇൻ ചാർജ് ഇന്ദുപ്രഭ, സെയിൽസ് സൂപ്പർവൈസർ മനോജ് അമ്പാടി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.