സുൽത്താൻ ബത്തേരി: നഗരസഭ ചെയർമാൻ ടി.എൽ. സാബു അവധിയിൽ പോയതോടെ സുൽത്താൻ ബത്തേരിയിലെ രാഷ്ട്രീയ തർക്കങ്ങൾക്ക് താൽക്കാലിക ശമനം.
ചെയർമാെൻറ ചില പരാമർശങ്ങൾ ആയുധമാക്കി യു.ഡി.എഫ് വൻ പ്രതിഷേധങ്ങൾക്ക് കോപ്പുകൂട്ടുന്നതിനിടയിലാണ് പെട്ടെന്നുള്ള അവധി. ആരോഗ്യ പ്രശ്നങ്ങളാൽ വിശ്രമിക്കുന്നുവെന്നാണ് ചെയർമാൻ പറഞ്ഞതെങ്കിലും യു.ഡി.എഫ് സമരങ്ങളെ മുൻകൂട്ടി കണ്ടുള്ള സി.പി.എം നീക്കമാണ് അവധിക്കു പിന്നിലെന്ന് സൂചനയുണ്ട്. സി.പി.എം ചെയർമാനെ വിളിച്ച് വിശദമായി സംസാരിച്ചതിനു പിന്നാലെയാണ് അവധി.
ബൈപാസ് റോഡ് ഉദ്ഘാടനവും തുടർന്ന് വാട്സ്ആപ് വഴിയുള്ള വിവാദ പരാമർശങ്ങളും മുൻനിർത്തി ചെയർമാെൻറ രാജി ആവശ്യപ്പെട്ടാണ് യു.ഡി.എഫ് രംഗത്തിറങ്ങിയത്. വനിത കൗൺസിലർമാർ ഇക്കാര്യമുന്നയിച്ച് വാർത്തസമ്മേളനം നടത്തി.
ചെയർമാൻ സി.പി.എമ്മുകാരനല്ലെങ്കിലും നഗരസഭ ഭരണം നിയന്ത്രിക്കുന്ന സി.പി.എമ്മിനെയാണ് യു.ഡി.എഫ് ലക്ഷ്യമിട്ടത്. ചെയർമാെൻറ രാജി ആവശ്യപ്പെട്ട് സമരങ്ങൾ നടന്നാൽ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ അത് ചെയർമാനെക്കാളും കൂടുതൽ സി.പി.എമ്മിനെയാണ് ബാധിക്കുകയെന്നും വ്യക്തമായിരുന്നു.
സുൽത്താൻ ബത്തേരിയിലെ യു.ഡി.എഫിെൻറ മുഖ്യ എതിരാളിയാണ് ചെയർമാൻ ടി.എൽ. സാബു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി വിജയിച്ചതിനു ശേഷമായിരുന്നു അദ്ദേഹത്തിെൻറ ഇടതുപക്ഷത്തേക്കുള്ള മാറ്റം. ഇത് യു.ഡി.എഫിൽ മാത്രമല്ല കേരള കോൺഗ്രസിലും നിരവധി തർക്കങ്ങൾക്ക് കാരണമായി.
യു.ഡി.എഫിന് നഗരസഭ ഭരണം കൈവിട്ടതിെൻറ കാരണം സാബുവിെൻറ നിലപാടായിരുന്നു. വിമതനായ സാബുവിന് ചെയർമാൻ സ്ഥാനം നൽകിയാണ് യു.ഡി.എഫിനെ സി.പി.എം വെട്ടിലാക്കിയത്.
യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെടാൻ കേരള കോൺഗ്രസ് മാണി ഗ്രൂപ് അംഗത്തിെൻറ കാലുമാറ്റം കാരണമായത് ഇപ്പോഴും കോൺഗ്രസിനെയും ലീഗിനെയും അലട്ടുന്ന വിഷയമാണ്.
അതിനാൽ ചെയർമാനെ അടിക്കാൻ കിട്ടുന്ന അവസരം യു.ഡി.എഫ് പാഴാക്കാൻ തയാറില്ലായിരുന്നു. 2019 ഫെബ്രുവരിയിൽ യു.ഡി.എഫ് ചെയർമാനെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടിരുന്നു. അതിനുശേഷം കാര്യമായ ഒരു വിവാദമുണ്ടാകുന്നത് ബൈപാസ് ഉദ്ഘാടനത്തിനു ശേഷമാണ്.
ചെയർമാെൻറ രാജിയിൽ കുറഞ്ഞൊരു വിട്ടുവീഴ്ചക്ക് യു.ഡി.എഫ് തയാറല്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.പി. അയ്യൂബ് പറഞ്ഞു. ഇപ്പോൾ നഗരം ഉൾപ്പെടുന്ന ഭാഗം കണ്ടെയ്ൻമെൻറ് സോണായതുകൊണ്ടാണ് തൽക്കാലം സമരം ഒഴിവാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചെയർമാെൻറ അവധി തീരുന്ന 25നുശേഷം യു.ഡി.എഫ് സമരവുമായി ഇറങ്ങും. സി.പി.എം അതിനെ എങ്ങനെ പ്രതിരോധിക്കുമെന്നത് ഇനി കണ്ടറിയണം.
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി നഗരസഭക്ക് വലിയ പരിഗണനയാണ് സി.പി.എം നൽകുന്നത്. അതിനായി അവർ കരുനീക്കം ശക്തമാക്കി. ലീഗിലും കോൺഗ്രസിലും രൂപംകൊള്ളാനിടയുള്ള വൈരുധ്യം മുതലാക്കാൻ ശക്തമായ നീക്കമുണ്ട്.
അതേസമയം, ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ട് ബത്തേരിയിൽ അധികാരം തിരിച്ചുപിടിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു. ബത്തേരിയുടെ വികസനമാണ് എൽ.ഡി.എഫ് ഉയർത്തിക്കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.