കൽപറ്റ: ഒരുമയുടെ ഒറ്റ കാന്‍വാസിൽ ചിത്രമെഴുതാൻ മന്ത്രിയും. 'എന്റെ കേരളം, എന്റെ അഭിമാനം' മെഗാ എക്‌സിബിഷന്റെ മുന്നോടിയായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സുൽത്താൻ ബത്തേരി കമ്യൂണിറ്റി ഹാള്‍ പരിസരത്ത് നടത്തിയ ചിത്ര രചനയിലാണ് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും പങ്കുചേര്‍ന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കൽപറ്റയില്‍ മേയ് ഏഴു മുതല്‍ 13 വരെ നടക്കുന്ന മെഗാ എക്‌സിബിഷന്റെ ഭാഗമായാണ് ഒരുമയുടെ ഒറ്റ കാന്‍വാസ് ചിത്രരചന നടന്നത്.
വയനാടന്‍ പൈതൃക ജീവിത പരിസരങ്ങളെയും പ്രകൃതിയെയും അടയാളപ്പെടുത്തുന്നതായിരുന്നു മൂന്നുമീറ്ററോളം നീളത്തിലുള്ള ഒറ്റ കാന്‍വാസ്. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ഒറ്റ കാന്‍വാസ് പെയിന്റിങ്ങില്‍ കലാകാരന്മാര്‍ക്കൊപ്പം മന്ത്രി ചിഞ്ചുറാണിയും നിറങ്ങളുടെ ചെപ്പ് തുറന്നു. ചിത്രകാരിയുടെ കൈവഴക്കത്തോടെ മന്ത്രിയും കാന്‍വാസില്‍ പെയിന്റ് ചെയ്ത് തുടങ്ങിയപ്പോള്‍ കൂടെ നിന്നവർ പ്രോത്സാഹിപ്പിച്ചു. ജില്ലയിലെ തിരക്കിട്ട പരിപാടികള്‍ക്കിടയിലും ചിത്രമെഴുത്ത് കാമ്പയിനില്‍ പങ്കെടുക്കാൻ മന്ത്രി സമയം കണ്ടെത്തുകയായിരുന്നു. ബി.ആര്‍.സി സ്‌പെഷലിസ്റ്റ് അധ്യാപകരായ മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ എം. അരുണ്‍കുമാര്‍, കോട്ടത്തറ ജി.എച്ച്.എസ്.എസിലെ സി.കെ. അനി, കരിങ്ങാരി ജി.യു.പി സ്‌കൂളിലെ പി.വി. മനോജ് എന്നിവരാണ് ഒരുമയുടെ ഒറ്റ കാന്‍വാസില്‍ കൂട്ടായി ബഹുവർണ ചിത്രമെഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.