ആശുപത്രിയുടെ അക്കൗണ്ടില്‍നിന്ന് 10.83 ലക്ഷം തട്ടിയെടുത്തു

സുല്‍ത്താന്‍ ബത്തേരി: സ്വകാര്യ ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് 10.83 ലക്ഷം രൂപ തട്ടിയെടുത്തു. സുൽത്താൻ ബത്തേരി അസംപ്ഷന്‍ ആശുപത്രിയുടെ കാത്തലിക് സിറിയന്‍ ബാങ്കിലുള്ള രണ്ട് അക്കൗണ്ടുകളില്‍നിന്നാണ് പണം നഷ്ടമായത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഒരു അക്കൗണ്ടില്‍നിന്ന് ഒരുപ്രാവശ്യം അഞ്ചുലക്ഷവും പിന്നീട് 1,83,000 രൂപയും രണ്ടാമത്തെ അക്കൗണ്ടില്‍നിന്ന് നാലുലക്ഷം രൂപയുമാണ് തട്ടിയത്.

ആശുപത്രിയില്‍ സേവനം ചെയ്തിരുന്ന സിസ്റ്ററുടെ ഫോൺ നമ്പറിലൂടെയാണ് അക്കൗണ്ട് ഓപറേറ്റ് ചെയ്തിരുന്നത്. ഇവര്‍ സ്ഥലംമാറിപ്പോയ ആശുപത്രിയിൽ സേവനം ചെയ്യുന്ന മറ്റൊരു സിസ്റ്ററാണ് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. എറണാകുളത്തുനിന്ന് ബി.എസ്.എന്‍.എല്ലിന്റെ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് എടുത്താണ് തട്ടിപ്പ് നടത്തിയത്. സിം കാര്‍ഡ് എടുക്കുന്നതിന് വ്യാജ ആധാര്‍ കാര്‍ഡും ഉണ്ടാക്കി.

സിസ്റ്ററുടെ ഫോട്ടോക്കുപകരം മറ്റൊരു സിസ്റ്ററുടെ പടവും വ്യാജ ഒപ്പും ഇട്ടാണ് തട്ടിപ്പുകാര്‍ സിം കാര്‍ഡ് കരസ്ഥമാക്കിയത്. ബാങ്കില്‍നിന്ന് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് പണം നഷ്ടമായത് ആശുപത്രി അധികൃതര്‍ അറിയുന്നത്. കൊല്‍ക്കത്തയിലെ യൂനിയന്‍ ബാങ്ക് ശാഖയില്‍ എം.ടി. ഷാരൂഖ് എന്നയാളുടെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്.

ഈ അക്കൗണ്ടില്‍നിന്ന് പല അക്കൗണ്ടുകളിലേക്കും പണം മാറി. ആശുപത്രി അധികൃതര്‍ ബത്തേരി പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - money was stolen from the hospital's account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.