സുൽത്താൻ ബത്തേരി: ചക്ക തേടി കൊമ്പനാന പതിവായി എത്തുന്നത് മൂടക്കൊല്ലി, കൂടല്ലൂർ, കല്ലൂർകുന്ന്, വാകേരി പ്രദേശത്തുള്ളവരെ ദുരിതത്തിലാക്കുന്നു. സന്ധ്യ മയങ്ങുന്നതോടെ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും കൊമ്പനാന ചുറ്റിത്തിരിയുകയാണ്. വനം വകുപ്പിനോട് പരാതി പറഞ്ഞുമടുത്തുവെന്നാണ് നാട്ടുകാർ പറയുന്നത്. തേൻകുഴി ഭാഗത്ത് റെയിൽവേലി കടന്നാണ് കാട്ടാന വനത്തിനുപുറത്തിറങ്ങുന്നത്. തുടർന്ന് ചക്കയുള്ള പ്ലാവുകൾ തേടിയാണ് യാത്ര. പ്ലാവ് കുലുക്കി ചക്ക നിലത്തുവീഴ്ത്തിയാണ് തിന്നുന്നത്. ആനയെ പേടിച്ച് കർഷകർ ചക്ക പറിച്ച് ഒഴിവാക്കുന്ന പതിവുമുണ്ട്.
ചക്ക തേടിയുള്ള യാത്രയിൽ കൊമ്പൻ മറ്റു കൃഷികളും നശിപ്പിക്കുന്നതായി കർഷകർ പറയുന്നു. സുൽത്താൻ ബത്തേരി ടൗണിനടുത്ത് സത്രംകുന്ന് മുതൽ വാകേരി, മുടക്കൊല്ലി വരെ 10 കിലോമീറ്റർ ആണ് റെയിൽവേലിയുടെ നീളം. വേലി നല്ല രീതിയിൽ നിർമിച്ചിരുന്നുവെങ്കിൽ കാട്ടാനക്ക് കാടിനുപുറത്തിറങ്ങാൻ കഴിയുമായിരുന്നില്ല. റെയിൽ വേലിയുടെ തൂണുകൾക്ക് വേണ്ടത്ര ഉയരമില്ലാത്തതും പ്രശ്നമാണ്.
വനം വകുപ്പിനെതിരെ നാട്ടുകാർ വലിയ ആക്ഷേപം ഉന്നയിക്കുന്നുണ്ടെങ്കിലും സമരങ്ങൾ തുടങ്ങാൻ എല്ലാവരും ഭയപ്പെടുന്ന സാഹചര്യവും ഉണ്ട്. ഏതാനും മാസം മുമ്പ് കൂടല്ലൂരിലെ ഫാമിലെത്തിയ കടുവ പന്നികളെ കൂട്ടത്തോടെ കൊന്നുതിന്ന സംഭവം ഉണ്ടായി. ഇതേത്തുടർന്ന് നാട്ടുകാർ വലിയ പ്രക്ഷോഭം നടത്തിയിരുന്നു. അന്ന് സമരത്തിന് ഇറങ്ങിയവരുടെ പേരിലൊക്കെ കേസുകൾ എടുത്തിരിക്കുകയാണ്. ഇതു കാരണം ആനശല്യം രൂക്ഷമായിട്ടും നാട്ടുകാർ സമരത്തിന് ഇറങ്ങാത്തതിന് ഭയപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.