സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ കോട്ടയിൽ പ്രദേശത്തെ ക്വാറിക്കെതിരെ നാട്ടുകാർ. കഴിഞ്ഞ ദിവസം ക്വാറിയിലേക്ക് കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രം സി.പി.എമ്മിന്റെ നേതൃത്വത്തിൽ തടഞ്ഞു. ഇതോടെ പ്രദേശത്ത് ക്വാറി വിഷയം കൂടുതൽ ചർച്ചയായിരിക്കുകയാണ്.
തൊവരിമല എസ്റ്റേറ്റിന്റെ താഴ്വരയിലാണ് ക്വാറിയുള്ളത്. പ്രദേശത്തെ കെട്ടിടങ്ങൾക്കും ജനജീവിതത്തിനും ഇത് ഭീഷണിയാണെന്ന പരാതിയാണ് നാട്ടുകാർ ഉന്നയിക്കുന്നത്. വീടുകൾക്ക് വിള്ളൽ, കിണറുകളിലെ വെള്ളം വറ്റിപ്പോകുന്നത്, ക്വാറി പ്രവർത്തിക്കുമ്പോഴുള്ള ശബ്ദം കാരണം കുട്ടികൾക്ക് പഠിക്കാൻ കഴിയാത്തത് എന്നിവയൊക്കെയാണ് പ്രശ്നങ്ങൾ.
ഒരു വർഷം മുമ്പ് ക്വാറി തുടങ്ങിയതു മുതൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം തുടങ്ങിയിരുന്നു. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തോടെ ക്വാറിക്കെതിരെ രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്ന സാഹചര്യവും ഉണ്ടായി. വരും ദിവസങ്ങളിൽ സമരം ശക്തമാകാനുള്ള സൂചനയുണ്ട്.
അതേസമയം, ക്വാറിക്ക് കഴിഞ്ഞ മാർച്ചിനുശേഷം ലൈസൻസ് പുതുക്കിക്കൊടുത്തിട്ടില്ലെന്ന് നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ പറഞ്ഞു. എന്നാൽ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ കോടതി ഉത്തരവിൽ ക്വാറി പ്രവർത്തിക്കുകയുണ്ടായി. ജൂലൈയിലും ഈ മാസവും പ്രവർത്തിച്ചിട്ടില്ല. മേപ്പാടിയിലെ ദുരന്തസ്ഥലത്തേക്ക് കൊണ്ടുപോയ മണ്ണുമാന്തിയന്ത്രം തിരിച്ച് ക്വാറിയിലേക്ക് എത്തിച്ചപ്പോഴാണ് നാട്ടുകാർ തടഞ്ഞത്. ഇനി ക്വാറിക്ക് ലൈസൻസ് പുതുക്കിക്കൊടുക്കുന്ന സാഹചര്യം ഉദിക്കുന്നില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
സുൽത്താൻ ബത്തേരി: കോട്ടയിൽ തൊവരിമല ഭാഗത്തെ ക്വാറി പ്രവർത്തനം നിർത്തിവെപ്പിക്കാൻ നെന്മേനി പഞ്ചായത്ത് തയാറാകണമെന്ന് സി.പി.എം ചുള്ളിയോട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. നിധിൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാബു കുഴിമാളം, പിച്ച്. റഷീദ്, ഷാജി കോട്ടയിൽ, സലീം കൂരിയാടൻ, സുരേന്ദ്രൻ കുഴിമാളം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.