കേണിച്ചിറ കുടുംബാരോഗ്യ കേന്ദ്രം

കേണിച്ചിറ ആശുപത്രിയിൽ സായാഹ്ന ഒ.പിയില്ല; രോഗികൾ വലയുന്നു

സുൽത്താൻ ബത്തേരി: പൂതാടി പഞ്ചായത്ത് ആസ്ഥാനമായ കേണിച്ചിറയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി ഇല്ലാത്തത് ജനത്തെ ദുരിതത്തിലാക്കുന്നു. ഉച്ചക്ക് ശേഷം മറ്റ് ആശുപത്രികളെ ആശ്രയിക്കാൻ ജനം നിർബന്ധിതരാവുകയാണ്. പഞ്ചായത്തിന്‍റെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ആക്ഷേപമുണ്ട്.

കേണിച്ചിറ പൂതാടിക്കവലയിലാണ് കുടുംബാരോഗ്യ കേന്ദ്രമുള്ളത്. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന രീതിയിലുള്ള സജ്ജീകരണങ്ങൾ ഇവിടെയുണ്ട്. 300 ഓളം രോഗികൾ എല്ലാദിവസവും രാവിലെ ഒ.പിയിൽ എത്തുന്നു. യഥേഷ്ടം മരുന്നുകളുമുണ്ട്. മൂന്നു ഡോക്ടർമാരാണ് നിലവിലുള്ളത്.

രാവിലെ ഒ.പിയിൽ രണ്ട് ഡോക്ടർമാരാണ് സാധാരണ ഉണ്ടാവാറ്. ഒരു ഡോക്ടർക്ക് ആരോഗ്യ ഉപ കേന്ദ്രങ്ങളുടെ ചുമതലയാണ്. നാല് ഡോക്ടർമാർ ഉണ്ടെങ്കിലേ സായാഹ്ന ഒ.പി തുടങ്ങാൻ കഴിയൂവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. വൈകുന്നേരം നാലിന് തുടങ്ങി രാത്രി എട്ട് വരെയെങ്കിലും തുടരുന്ന രീതിയിലുള്ള സംവിധാനം ഉണ്ടെങ്കിൽ ജനത്തിന് ഉപകാരമാകും. ഇപ്പോഴത്തെ അവസ്ഥയിൽ ഉച്ചയ്ക്ക് ശേഷം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്കും കൽപറ്റ ജനറൽ ആശുപത്രിയിലേക്കും പോകാൻ രോഗികൾ നിർബന്ധിതരാവുകയാണ്. ഇതിനു സാധിക്കാത്തവർ കേണിച്ചിറയിലെ സ്വകാര്യ ക്ലിനിക്കിനെ ആശ്രയിക്കുന്നു. വലിയ തിരക്കാണ് ദിവസവും ഇവിടെ അനുഭവപ്പെടുന്നത്. പുതിയ ഡോക്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികാരികളുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഡോക്ടർക്ക് താമസിക്കാൻ ആശുപത്രി വളപ്പിൽ ക്വാർട്ടേഴ്സ് സൗകര്യവുമുണ്ട്.

മുമ്പ് പി.എച്ച്.സിയായിരുന്നപ്പോൾ ഇവിടെ കിടത്തിച്ചികിത്സ ഉണ്ടായിരുന്നതാണ്. കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയപ്പോൾ ഐ.പി വാർഡ് ഒഴിവാക്കി അവിടെ മറ്റ് സജ്ജീകരണങ്ങൾ ഒരുക്കി. സ്ഥലസൗകര്യമുണ്ടെങ്കിലും കൂടുതൽ കെട്ടിടങ്ങളുടെ അഭാവം ആശുപത്രി വികസനത്തിന് തടസ്സമാകുന്നു.

അതേസമയം, സായാഹ്ന ഒ.പി തുടങ്ങുന്നതിനു മുന്നോടിയായി ഡോക്ടറെ നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി സാബു പറഞ്ഞു. കൂടുതൽ താമസിക്കാതെ സായാഹ്ന ഒ.പി തുടങ്ങുമെന്ന് അവർ വ്യക്തമാക്കി.

Tags:    
News Summary - No evening OP at Kenichira Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.