സുൽത്താൻ ബത്തേരി: കാറില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമം പൊളിച്ച് പൊലീസ്. 10000 രൂപ വാങ്ങി കാറില്‍ എം.ഡി.എം.എ വെച്ച യുവാവിന്റെ സുഹൃത്തിനെ നിമിഷങ്ങള്‍ക്കുള്ളില്‍ പിടികൂടി. ചീരാല്‍ കുടുക്കി പി.എം. മോന്‍സിയെയാണ് (30) എസ്.ഐ സാബു ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വില്പനക്കായി ഒ.എല്‍.എക്സിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി ഡ്രൈവര്‍ സീറ്റിന്റെ റൂഫില്‍ എം.ഡി.എം.എ ഒളിപ്പിച്ച ശേഷം പൊലീസിന് രഹസ്യവിവരം നല്കി ദമ്പതികളെ കുടുക്കാനുള്ള ഗൂഢാലോചനയാണ് പൊളിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം.
അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് 11.13 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. എന്നാൽ, ചോദ്യംചെയ്യലില്‍ ഇവരുടെ നിരപരാധിത്വം പൊലീസിന് ബോധ്യപ്പെട്ടു. യുവതിയുടെ മുന്‍ ഭര്‍ത്താവായ ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷക്ക് (26) ദമ്പതികളോടുള്ള വിരോധം മുലം കേസില്‍ കുടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി സുഹൃത്ത് മോന്സിെയ 10000 രൂപ കൊടുത്ത് കാറില്‍ എം.ഡി.എം.എ ഒളിപ്പിച്ചുവെക്കാന്‍ നിര്‍ദേശിച്ചതായിരുന്നു. എസ്.സി.പി.ഒ നൗഫല്‍, സി.പി.ഒമാരായ അജ്മൽ, പി.ബി. അജിത്ത്, നിയാദ്, സീത എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വിവരമറിഞ്ഞ് ഒളിവില്‍പോയ മുഖ്യപ്രതിയെ കണ്ടെത്താനുള്ള ശ്രമവും ഗൂഢാലോചനയില്‍ മറ്റു പങ്കാളികളുണ്ടോ എന്നറിയാനുള്ള ശ്രമവും തുടങ്ങി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.