സുൽത്താൻ ബത്തേരി: പുൽപള്ളി ചീയമ്പത്ത് പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചതിലും കാട്ടാന ആക്രമത്തിൽ ബത്തേരി കല്ലുമുക്കിൽ ഗൃഹനാഥൻ മരിച്ചതിലും വൻപ്രതിഷേധം. ചീയമ്പത്ത് 73ലെ സുധൻ (32) ആണ് ഷോക്കേറ്റ് മരിച്ചത്. കല്ലുമുക്കിൽ മാറോട് കോളനിയിലെ രാജു (48) ആണ് കാട്ടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇരുസംഭവങ്ങളിലും പ്രതിഷേധം ശക്തമായതോടെ മന്ത്രിമാരായ എ.കെ. ശശീന്ദ്രനും ഒ.ആർ. കേളുവും സ്ഥലത്തെത്തി.
ബുധനാഴ്ച രാവിലെ മുതലുള്ള കനത്ത മഴ വകവെക്കാതെയായിരുന്നു കല്ലൂരിൽ നാട്ടുകാരുടെ പ്രതിഷേധം. രാജുവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ആംബുലൻസിൽ കൊണ്ടുവന്നു. ഏതാനും ബന്ധുക്കളും മൃതദേഹത്തോടൊപ്പം ആംബുലൻസിലുണ്ടായിരുന്നു. വനം വകുപ്പിന്റെ വാക്കുകളിൽ വിശ്വാസമില്ലെന്നും പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ കല്ലൂരിൽ റോഡ് തടഞ്ഞു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മഴ നനഞ്ഞാണ് റോഡിലിറങ്ങിയത്. ഒരു കിലോമീറ്റർ അകലെ നായ്ക്കട്ടിയിലേക്കും, മറുഭാഗത്ത് മുത്തങ്ങയിലേക്കും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. ബത്തേരി - കല്ലൂർ - മുത്തങ്ങ റൂട്ടിൽ സർവിസ് നടത്തുന്ന ബസുകൾ നായ്ക്കട്ടിയിൽ എത്തി തിരിച്ചു പോരുകയായിരുന്നു.
പ്രതിഷേധം നേരിടാനായി വൻ പൊലീസ് സന്നാഹമാണ് എത്തിയത്. മൂന്ന് പൊലീസ് ബസുകൾ പ്രദേശത്ത് തമ്പടിച്ചിരുന്നു. പ്രതിഷേധം അതിരു വിട്ടാൽ ശക്തമായി നേരിടാൻ തന്നെയായിരുന്നു തീരുമാനം. മരിച്ച രാജുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയാണ് പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്.
എന്നാൽ പഞ്ചായത്തോഫിസിൽ നടത്തിയ ചർച്ചയിൽ 11 ലക്ഷം നൽകാമെന്ന് അധികൃതർ പറഞ്ഞു. ഇക്കാര്യം മന്ത്രി അറിയിച്ചപ്പോഴും പ്രതിഷേധമുയർന്നു.
സുധന്റെ മൃതദേഹം ഏറ്റുവാങ്ങാതെ പോസ്റ്റ്മോർട്ടം നടന്ന സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലായിരുന്നു നാട്ടുകാർ പ്രതിഷേധിച്ചത്. സർവകക്ഷി നേതൃത്വത്തിലാണ് മൃതദേഹം ഏറ്റുവാങ്ങാതെ പ്രതിഷേധിച്ചത്. മാന്യമായ നഷ്ടപരിഹാരം, ആശ്രിതർക്ക് ജോലിയും നൽകണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാർ സംഘടിച്ചത്. അധികൃതരെത്തി രേഖാമൂലം ഉറപ്പുനൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
നഷ്ടപരിഹാരം നൽകാമെന്നും ആശ്രിതർക്ക് ജോലിക്കായി സർക്കാരിൽ ശുപാർശ ചെയ്യുമെന്നും അധികൃതർ ഉറപ്പു നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. മന്ത്രി ഒ. ആർ. കേളുവും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയും സമര സ്ഥലത്തെത്തി സർക്കാർ തീരുമാനങ്ങൾ അറിയിച്ചതോടെയാണ് മൂന്നു മണിക്കൂറോളം നീണ്ട ദേശീയ പാത ഉപരോധസമരം അവസാനിച്ചത്.
സുൽത്താൻ ബത്തേരി: കാട്ടാനായുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കല്ലൂര്‍ മാറോട് രാജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ വനംവകുപ്പില്‍ നിന്നും ലഭ്യമാക്കും. ഒരു ലക്ഷം രൂപ ഇന്‍ഷൂറന്‍സ് തുകയും ഇതോടൊപ്പം അനുവദിക്കും. രാജുവിന്റെ വീടിന്റെ നിർമാണം പട്ടികവര്‍ഗവികസന വകുപ്പ് ഏറ്റെടുത്ത് നടത്തും. മാറോട് കോളനിയിലേക്കുള്ള റോഡ് പുതുക്കി പണിയാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി എസ്റ്റിമേറ്റ് പഞ്ചായത്ത് തയാറാക്കി പട്ടികവര്‍ഗ വികസന വകുപ്പിന് നല്‍കും.
മരണപ്പെട്ട രാജുവിന്റെ കുടുംബാംഗത്തിന് സുല്‍ത്താന്‍ ബത്തേരി ഫോറസ്റ്റ് ഡെവലപ്പ്മെന്റ് ഏജന്‍സിയുടെ കീഴില്‍ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ജോലി നല്‍കും. ആര്.കെ.വൈ പദ്ധതിക്ക് കീഴില്‍ അനുവദിക്കുന്ന ഒമ്പത് കിലോമീറ്റര്‍ സോളാര്‍ ഹാങ്ങിങ് മാറോട് ഭാഗത്ത് സ്ഥാപിക്കാനും അതിനോട് ചേര്‍ന്ന് സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കാനും നിര്‍ദേശം നല്കി. മരണപ്പെട്ട രാജുവിന്റെ സഹോദര പുത്രനും കാട്ടാനയുടെ ആക്രമണത്തില്‍ അംഗ പരിമിതനുമായ ബിജുവിന് പെന്ഷന് അനവുദിക്കുന്നതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭ്യമാക്കാനും നടപടിയെടുക്കും. കാട്ടാന ശല്യം കുറക്കുന്നതിനായി പ്രശ്നബാധിത മേഖലകളില്‍ ആര്.ആര്.ടി യുടെ നേതൃത്വത്തില്‍ രാത്രികാല പട്രോളിങ്ങും ശക്തമാക്കും. വന്യജീവി ആക്രമണം തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനുമായി പഞ്ചായത്ത് തല ജാഗ്രതാ സമിതികള്‍ എല്ലാ മാസവും വിളിച്ചുചേര്‍ക്കും. പഞ്ചായത്ത് പ്രസിഡന്റും വനംവകുപ്പ് റെയിഞ്ച് ഓഫിസര്‍മാരും ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം.
രാജുവിന്റെ മകളുടെ തുടര്‍ പഠനത്തിന ചെലവ് പട്ടികവര്‍ഗ വികസന വകുപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനും നൂല്‍പ്പുഴ പഞ്ചായത്ത് ഓഫിസില്‍ പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്. കേളുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ, ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പുൽപള്ളി: പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരണപ്പെട്ട ചീയമ്പം 73 ലെ സുധന്റെ വീട് മന്ത്രി ഒ ആര് കേളു സന്ദര്‍ശിച്ചു. സുധന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാര തുക അടിയന്തരമായി ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഇടപെടുമെന്നും മന്ത്രി കുടുംബത്തിന് ഉറപ്പ് നല്കി. വൈദ്യുതി കണക്ഷന് ഇല്ലാതിരുന്ന സുധന്റെ വീട്ടില്‍ ഉടന്‍ തന്നെ വൈദ്യുതി കണക്ഷന് നല്‍കുന്നതിനും നിര്‍ദ്ദേശം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.