സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ 16ാം വാർഡിൽപെട്ട പാമ്പുംകുനി ആദിവാസി കോളനിയിൽ മഴ പെയ്താൽ ദുരിതം. 13 വീടുകളാണ് ഇവിടെയുള്ളത്. കോൺക്രീറ്റ് വീടുകളാണെങ്കിലും ചോർന്നൊലിക്കുന്നതാണ് കോളനിക്കാരെ ദുരിതത്തിലാക്കുന്നത്. ഇതിന് ശാശ്വതമായ ഒരു പരിഹാരമുണ്ടാക്കാൻ അധികൃതർക്കാവുന്നുമില്ല. കഴിഞ്ഞയാഴ്ച മഴ ശക്തമായപ്പോൾ കോളനി നിവാസികളെ കോളിയാടി മാർ ബസേലിയോസ് സ്കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. സ്കൂളിൽ പഠിക്കുന്ന ചില വിദ്യാർഥികളും ക്യാമ്പിൽ എത്തിയതോടെ പ്രധാനാധ്യാപിക ഷെർലി മോളും ഏതാനും അധ്യാപകരും കോളനികളിൽ ചെന്ന് കാര്യങ്ങൾ പഠിച്ചു. വിദ്യാർഥികളുടെ പഠിപ്പ് മുടങ്ങാതിരിക്കാൻ മൂന്ന് വീടുകൾക്ക് മുകളിൽ പി.ടി.എയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ചു കൊടുത്തു. ഇതോടെ മൂന്ന് വീട്ടുകാരുടെ പ്രശ്നം താൽക്കാലികമായി പരിഹരിക്കപ്പെട്ടുവെങ്കിലും മറ്റ് വീടുകൾക്ക് പ്രശ്നം തുടരുകയാണ്. കോളനിക്ക് സമീപം ഒരു തോട് കടന്നുപോകുന്നുണ്ട്. ശക്തമായ മഴയിൽ തോട് കരകവിയും. കഴിഞ്ഞ മഴയത്ത് തോട് കരകവിഞ്ഞ് കോളനിയിലേക്ക് വെള്ളം കയറിയപ്പോഴുള്ള ചളി ഇപ്പോഴും നീക്കാത്ത അവസ്ഥയിലാണ്.
വൃത്തിഹീനമായ ചുറ്റുപാട് മാറ്റാൻ ആരോഗ്യ വകുപ്പ് ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. കോളനിയിലുള്ള 13 വീട്ടുകാരെയും സ്ഥിരമായി മറ്റൊരിടത്തേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമങ്ങൾ പഞ്ചായത്ത്, റവന്യൂ അധികാരികൾ നടത്തുന്നുണ്ട്. എന്നാൽ, അതെന്ന് യാഥാർഥ്യമാകുമെന്ന കാര്യത്തിൽ നിശ്ചയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.