സുൽത്താൻ ബത്തേരി: പരിസ്ഥിതി ലോല വിഷയത്തിൽ സുൽത്താൻ ബത്തേരിയിൽ സമരങ്ങൾ ശക്തമാകാൻ സാധ്യത. പ്രതിപക്ഷ സംഘടനകൾ അതിനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും രണ്ടിന് ജില്ലയിൽ എത്തുന്നതോടെ സമരത്തിന് അന്തിമരൂപമാകും.
സുൽത്താൻ ബത്തേരി നഗരസഭ, നൂൽപ്പുഴ, നെന്മേനി പഞ്ചായത്തുകൾ ഇതിനോടകം കരുതൽ മേഖല സർവേയിലെ അപാകതക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ചീരാലിൽ എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ, നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ, വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പ്രത്യേകം ഗ്രാമസഭ ചേർന്നു.
ഇപ്പോഴുള്ള ഉപഗ്രഹ സർവേക്ക് പകരം പുതിയ സർവെ നടത്തി സുപ്രീം കോടതിയിൽ സമർപ്പിക്കണം. ആക്ഷേപങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടണം. പൊതുജനങ്ങളെ സഹായിക്കാനായി വാർഡ് തലത്തിലും പഞ്ചായത്ത് ഓഫിസിലും ചീരാൽ ടൗണിലും ഹെൽപ്പ് ഡസ്ക്കുൾ ആരംഭിക്കും.
കുടുംബശ്രീ പ്രവർത്തകരുടെ സഹകരണത്തോടെ വീടുകൾ കയറിയിറങ്ങി പരാതികൾ സമർപ്പിക്കാനുള്ള ഫോമുകൾ വിതരണം ചെയ്യും - എന്നിങ്ങനെയാണ് ഗ്രാമസഭയിൽ ഉയർന്ന ആശയങ്ങൾ. നൂൽപ്പുഴയിലെ 17 വാർഡുകളിൽ കഴിഞ്ഞ ദിവസം അടിയന്തര ഗ്രാമസഭകൾ വിളിച്ചു ചേർത്തിരുന്നു. സർവേ പൂർണമായി തള്ളണമെന്നും വയനാട് വന്യജീവി സങ്കേതം റദ്ദാക്കണമെന്നും പ്രമേയത്തിൽ ആവശ്യമെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.