സുൽത്താൻ ബത്തേരി: പാചകം, ആശാരിപ്പണി, കുട നിർമാണം, കുട്ട നെയ്ത്ത്... ശാസ്ത്രോത്സവത്തെ വേറിട്ടതാക്കി കുട്ടികൾ. മത്സരത്തേക്കാളുപരി കുട്ടികളുടെ പ്രവൃത്തി പരിചയത്തിലെ കരവിരുത് വ്യക്തമാക്കുന്നതായിരുന്നു പല സ്റ്റാളുകളും. തൽസമയ മത്സരങ്ങളിൽ ഇരുത്തം വന്ന ജോലിക്കാരെപ്പോലെയുള്ള കുട്ടികളുടെ പ്രകടനത്തിന് മൂലങ്കാവ് സ്കൂളിലെ ക്ലാസ് റൂമുകൾ സാക്ഷിയാവുകയായിരുന്നു.
പരമ്പരാഗതമായി ചെയ്യുന്ന ആശാരിപ്പണിയിൽ പെൺകുട്ടികളുടെ സാന്നിധ്യമായിരുന്നു എടുത്തുപറയേണ്ടത്. ചന്ദനത്തിരി നിർമാണം, ചിരട്ട കൊണ്ടുള്ള കരകൗശല വസ്തുക്കൾ, പായ നിർമാണം, കുട എന്നിവയിലും പെൺകുട്ടികളുടെ സാന്നിധ്യം എടുത്തു പറയണം. ഹയർ സെക്കൻഡറി വിഭാഗം ചന്ദനത്തിരി നിർമാണം പെൺകുട്ടികൾ തമ്മിലുള്ള മത്സരമായിരുന്നു. അഞ്ചു പേരാണ് ഈ വിഭാഗത്തിൽ മത്സരിച്ചത്. അഗർബത്തി സ്റ്റിക്ക് ചന്ദനത്തിരിയായി രൂപാന്തരം പ്രാപിക്കുന്നത് പല ഘട്ടങ്ങളിലൂടെ കടന്നാണ്. ഓയിൽ, പെർഫ്യൂം എന്നിവ പ്രത്യേക അനുപാതത്തിൽ കുഴച്ച് പാത്രത്തിലാക്കി സ്റ്റിക്കിലേക്ക് പകരുകയാണ് ചെയ്യുന്നത്.
മരം കൊണ്ടുള്ള തത്സമയ മത്സരത്തിൽ വടുവഞ്ചാൽ സ്കൂളിലെ ജിത്യയും വാളാട് സ്കൂളിലെ ശ്രീനന്ദയും വേറിട്ട കാഴ്ചകളായി. നിരവധി ആൺകുട്ടികൾക്കിടയിൽ പരിചയസമ്പന്നനായ മരപ്പണിക്കാരനെ പോലെയായിരുന്നു ഇവരുടെ പ്രകടനം. ചാരുകസേരയാണ് ശ്രീനന്ദ നിർമിച്ചത്. ചിരട്ട ഉൽപന്നങ്ങൾ കൊണ്ടുള്ള നിർമാണത്തിൽ എം.ജി.എം.എച്ച്.എസ്.എസിലെ എട്ടാം ക്ലാസുകാരി ആലിയ ഖദീജയുടെ പ്രകടനം വിസ്മയക്കാഴ്ചയായി. ഹയർ സെക്കൻഡറി വിഭാഗം കുട നിർമാണത്തിലും കുട്ടികൾ മികവ് പുലർത്തി. മൂന്നു മണിക്കൂറാണ് നിർമാണത്തിന് അനുവദിച്ച സമയം. പറ്റുന്നവർക്ക് ഒന്നിൽ കൂടുതൽ കുടകളും നിർമിക്കാം. നിർമാണത്തിലെ പൂർണതയാണ് വിധി നിർണയത്തിൽ പ്രധാനം.
ചെലവ് കുറഞ്ഞ പോഷകാഹാരങ്ങളുടെ വിഭവങ്ങൾ ഒരുക്കിയ സ്റ്റാൾ പെൺകുട്ടികൾ കുത്തകയാക്കിയെന്ന് പറയാം. കപ്പ പുട്ട്, വാഴപ്പിണ്ടി തോരൻ, ചക്കത്തോരൻ, കൂൺ കറി, പാവക്ക അച്ചാർ, കാച്ചിൽ പുഴുങ്ങിയതും കാന്താരി ചമ്മന്തിയും, അമ്പഴങ്ങ അച്ചാർ എന്നിങ്ങനെയുള്ള വിഭവങ്ങൾ മത്സര സ്റ്റാളായ പാചകപ്പുരയിൽ ഒരുക്കി. പഴവർഗ പച്ചക്കറി സംസ്കരണത്തിന്റെ ഭാഗമായ വിഭവങ്ങളും ഇവിടെ ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.