സുൽത്താൻ ബത്തേരി: യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് ബസുകൾ ഇല്ലാത്തത് പാലക്കമൂല - മണിവയൽ റൂട്ടിൽ അപകടസാധ്യതയുണ്ടാക്കുന്നു. രാവിലെയും വൈകീട്ടും അമിതമായി യാത്രക്കാരെ കയറ്റിയാണ് ബസുകൾ ഓടുന്നത്.
യാത്രക്കാരിൽ ഭൂരിപക്ഷവും വിദ്യാർഥികളാണ്. വൈകീട്ട് നാലരയോടെ മീനങ്ങാടി ബസ് സ്റ്റാൻഡിൽ എത്തുന്ന ബസിൽ രണ്ട് ബസുകളിൽ കൊള്ളേണ്ട യാത്രക്കാർ കയറിപ്പറ്റുന്നുണ്ട്. വിദ്യാർഥികളാണ് കൂടുതൽ.
ഈ സമയം കൂടുതൽ ബസുകൾ അനുവദിക്കണമെന്നാണ് ആവശ്യം. രാവിലെ മീനങ്ങാടിയിലേക്ക് വരുമ്പോഴും മണിവയൽ കയറ്റത്തിൽ അമിത ലോഡുമായാണ് ബസുകളുടെ സഞ്ചാരം.
രണ്ടു ബസുകളാണ് മീനങ്ങാടി-മണിവയൽ-ചൂതുപാറ-കേണിച്ചിറ റൂട്ടിൽ സർവിസ് നടത്തുന്നത്. ആദ്യം മൂന്നു ബസുകൾ ഉണ്ടായിരുന്നു. കോവിഡ് കാലം തുടങ്ങിയതോടെ ഒരു ബസ് പൂർണമായും പിൻവാങ്ങി.
ബത്തേരി-ഗൂഡല്ലൂർ-പെരിന്തൽമണ്ണ സർവിസ് പുനരാരംഭിക്കണം
ചീരാൽ: പാട്ടവയൽ, ദേവർഷോല, ഗൂഡല്ലൂർ, നാടുകാണി നിലമ്പൂർ വഴി പെരിന്തൽമണ്ണയിലേക്ക് സുൽത്താൻ ബത്തേരിയിൽനിന്ന് നടത്തിയിരുന്ന ബസ് സർവിസ് പുനരാരംഭിക്കണമെന്ന് ആവശ്യം. കോവിഡിന്റെ പേരിൽ ഒരു വർഷം മുമ്പാണ് ബസ് സർവിസ് നിർത്തിയത്.
സുൽത്താൻ ബത്തേരി ഡിപ്പോയിൽ ഉയർന്ന കലക്ഷൻ ലഭിച്ചിരുന്നതും ജനങ്ങൾക്ക് ഏറെ പ്രയോജനകരവുമായിരുന്നു സർവിസ്. സർവിസ് തുടരണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
എം.എൽ.എയെയോ ഗതാഗത മന്ത്രിയേയോ കാണാനായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ബത്തേരിയിൽ നിന്ന് ഉച്ചകഴിഞ്ഞ് 1.40ന് പുറപ്പെടുന്ന സർവിസ് പെരിന്തൽമണ്ണയിൽനിന്ന് തിരിച്ച് പിറ്റേ ദിവസം രാവിലെ 7.00ന് ബത്തേരിയിലേക്കുമാണ് സർവിസ് നടത്തിയിരുന്നത്.
ചില ഉദ്യോഗസ്ഥരുടെ തലതിരിഞ്ഞ നയം കെ.എസ്.ആർ.ടി.സിയെ തകർക്കുന്നതാണെന്നും പൊതുപ്രവർത്തകരുടെ യോഗം കുറ്റപ്പെടുത്തി. കെ.കെ. മോഹൻ മേഫീൽഡ് അധ്യക്ഷത വഹിച്ചു. കെ.സി.കെ. തങ്ങൾ ചീരാൽ, കെ.സി. മുഹമ്മദ് ഗൂഡല്ലൂർ, കുഞ്ഞിമുഹമ്മദ് മുല്ലത്ത് നീലഗിരി, രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.