സുൽത്താൻ ബത്തേരി: ഫെയർലാൻഡിലെ ബത്തേരി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടാത്തത് രോഗികളെ പ്രയാസത്തിലാക്കുന്നു. ആയിരത്തിലേറെ രോഗികൾ ദിവസവും എത്തുന്ന ഇവിടെ ഡോക്ടർമാരുടെ എണ്ണക്കുറവാണ് പ്രതിസന്ധിയാകുന്നത്.
1200 ഓളം രോഗികൾ എത്തിയ തിങ്കളാഴ്ച ഒരുഡോക്ടർ മാത്രമാണ് പരിശോധനക്ക് ഉണ്ടായിരുന്നത്. രോഗികൾ ബഹളമുണ്ടാക്കിയതോടെ പൊലീസിന് ഇടപെടേണ്ടിവന്നു. ഈ രീതിയിലുള്ള സംഭവങ്ങൾ മിക്ക ദിവസങ്ങളിലും ആവർത്തിക്കുന്ന സാഹചര്യമാണ്.
ശിശുരോഗം, ഇ.എൻ.ടി, ഗൈനക്കോളജി, കണ്ണ്, ജനറൽ മെഡിസിൻ വിഭാഗങ്ങളിൽ ഡോക്ടർമാർ ഏറെയുണ്ട്. അവധിയുടെയും മറ്റും പേരിൽ ഡോക്ടർമാർ മിക്കദിവസവും ഉണ്ടാകാറില്ല. ഉള്ള ദിവസം കൃത്യമായി വരാറില്ലെന്നാണ് രോഗികളുടെ പരാതി.
ഇത് സ്വകാര്യആശുപത്രികളിലേക്ക് പോകാൻ രോഗികളെ പ്രേരിപ്പിക്കുകയാണ്. ഫാർമസിയിൽ കൂടുതൽ ജീവനക്കാരില്ലാത്തതും പ്രയാസം സൃഷ്ടിക്കുന്നു. ഡോക്ടർമാരുടെ കുറവ് മാസങ്ങളായി തുടരുന്ന പ്രശ്നമായതിനാൽ താൽക്കാലികമായി ഡോക്ടർമാരെ നിയമിച്ച് പ്രശ്നപരിഹാരത്തിന് അധികൃതർ ശ്രമിച്ചിരുന്നു. എന്നാൽ, പലതവണ കൂടിക്കാഴ്ച നടത്തിയിട്ടും ഡോക്ടർമാരെ കിട്ടിയില്ല.
10 വർഷത്തിനിടെ കോടിക്കണക്കിന് രൂപയുടെ കെട്ടിടങ്ങളാണ് ആശുപത്രിയിൽ പുതുതായി വന്നത്. എന്നാൽ ഇതിന്റെ ഗുണം പൂർണമായി രോഗികൾക്ക് ലഭിക്കുന്നില്ല. ബത്തേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് ആശുപത്രിയുള്ളത്.
സുൽത്താൻ ബത്തേരി: താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കണമെന്ന് കോൺഗ്രസ് ബത്തേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വേണ്ടത്ര ജീവനക്കാരുടെ അഭാവത്തിൽ ആദിവാസികൾ അടക്കമുള്ള രോഗികൾ വലയുകയാണ്.
ജില്ല ആശുപത്രിക്ക് ആവശ്യമായ എല്ലാവിധ ഭൗതിക സൗകര്യവും ബത്തേരി താലൂക്ക് ആശുപത്രിയിലുണ്ട്. പ്രവർത്തനത്തിലെ താളപ്പിഴ ചൂണ്ടിക്കാട്ടി സമരം നടത്തിയ യു.ഡി.എഫ് പ്രവർത്തകരെ ജയിലിൽ അടച്ച സംഭവമുണ്ടായി. ഇനിയും സമരം നടത്താനാണ് യു.ഡി.എഫിന്റെ തീരുമാനമെന്നും നേതാക്കൾ അറിയിച്ചു.
മണ്ഡലം പ്രസിഡന്റ് അഡ്വ. സതീഷ് പൂതിക്കാട്, ബാബു പഴുപ്പത്തൂർ, സണ്ണി നെടുങ്കല്ലേൽ, വൽസ ജോസ്, ടി.എൽ. സാബു, അസീസ് മാടാല, ഗഫൂർ പുളിക്കൽ, നൗഫൽ കൈപ്പഞ്ചേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.