സുൽത്താൻ ബത്തേരി: ആറു മാസം മുമ്പ് മുത്തങ്ങ പൊൻകുഴിയിൽ സ്പിരിറ്റ് ലോറി കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഒളിച്ചുവെച്ച തിരക്കഥകൾ. ലോറിയുടെ ഡ്രൈവർ കൊണ്ടോട്ടി സ്വദേശി പുതിയ വീട്ടിൽ ഇബ്രാഹീമാണ് എക്സൈസ് അധികൃതർക്കും മറ്റുമെതിരെ വാർത്തസമ്മേളനത്തിൽ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയത്. കഴിഞ്ഞ മേയ് ആദ്യ വാരമാണ് മലപ്പുറം ലക്ഷ്യമാക്കി പോയ സ്പിരിറ്റ് ലോറി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കസ്റ്റഡിയിലെടുക്കുന്നത്. 11,000 ലിറ്ററോളം സ്പിരിറ്റാണ് ലോറിയിൽ ഉണ്ടായിരുന്നത്. സാനിറ്റൈസർ എന്നപേരിൽ എത്തിയ ലോഡ് എക്സൈസ് സാഹസികമായി പിടിച്ചതായിരുന്നില്ല.
ഡ്രൈവർ ഇബ്രാഹീം വിവരം കൊടുത്തതനുസരിച്ച് നർകോട്ടിക് സി.ഐയുടേയും മറ്റും ഇടപെടലിലാണ് ലോറി പിടിച്ചെടുത്തത്. കർണാടകയിലെ മാണ്ഡ്യയിൽനിന്ന് സാനിറ്റൈസർ കയറ്റാനുണ്ടെന്ന് പറഞ്ഞാണ് മലപ്പുറത്തുനിന്ന് ചിലർ ലോറി ഓട്ടം വിളിക്കുന്നത്. അതനുസരിച്ച് ലോറിയുമായി ഇബ്രാഹീം മാണ്ഡ്യയിലെ ഗോഡൗണിൽ എത്തും വരെ കാറിൽ ചിലർ ലോറിക്ക് അകംപടിപോയിരുന്നു. ഗോഡൗണിെൻറ ഉള്ളിലേക്ക് ഇബ്രാഹീമിനെ കയറ്റാതെ രഹസ്യമായി ലോഡ് നിറയ്ക്കാൻ ചിലർ നിർബന്ധിച്ചു.
തിരിച്ചുപോരുമ്പോൾ താൻ ചതിക്കപ്പെട്ടുവെന്നും ലോറിയിൽ സ്പിരിറ്റാണെന്നും ബോധ്യപ്പെട്ടതോടെ ഇബ്രാഹീം മലപ്പുറം എക്സൈസ് ഡെപ്യൂട്ടി കമീഷണറേയും വയനാട് നർകോട്ടിക് സി.ഐയേയും വിവരമറിയിച്ചു. ലോഡ് അതിർത്തിയിലെത്തിക്കാനായിരുന്നു അവരുടെ മറുപടി. അങ്ങനെയാണ് ലോഡ് കസ്റ്റഡിയിലെടുക്കുന്നത്. സ്പിരിറ്റ് എക്സൈസ് ഏറ്റെടുത്തു. ലോറി ഇപ്പോൾ സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫിസിലാണുള്ളത്.
എൻജിൻ തകരാറിലാകാതിരിക്കാൻ ആഴ്ചയിൽ ഒരുദിവസം ഇബ്രാഹീം എക്സൈസ് ഓഫിസിലെത്തി വണ്ടി സ്റ്റാർട്ടാക്കാറുണ്ട്. ചൊവ്വാഴ്ച ലോറി സ്റ്റാർട്ടാക്കാനെത്തിയപ്പോൾ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് ഇബ്രാഹീം പറഞ്ഞു. ലോറിയിൽ സ്പിരിറ്റാണെന്ന് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതിന് എക്സൈസിലെ ചില ഉദ്യോഗസ്ഥർക്ക് തന്നോട് വൈരാഗ്യമാണ്. മലപ്പുറം സ്വദേശിയായ തെൻറ സുഹൃത്തിെൻറ ഉടമസ്ഥതയിലുള്ള ലോറി താൻ സ്വന്തമെന്ന പോലെയാണ് ഉപയോഗിച്ചിരുന്നത്. തന്നെ കേസിൽനിന്ന് ഒഴിവാക്കണമെന്നും ഉപജീവനമാർഗമായ ലോറി വിട്ടുകിട്ടണമെന്നുമാണ് ഇബ്രാഹീം ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.