സുൽത്താൻ ബത്തേരി: താലൂക്ക് ഹെഡ് ക്വോട്ടേഴ്സ് ആശുപത്രിയിൽ കോടികൾ മുടക്കി നിർമിച്ച 'അമ്മയും കുഞ്ഞും' ബ്ലോക്ക് ഉദ്ഘാടനവും കാത്ത് കിടക്കുന്നു. മൂന്നുമാസം മുമ്പ് കെട്ടിടം പണി 98 ശതമാനവും പൂർത്തിയായി. അതിലേക്കാവശ്യമായ മറ്റ് സൗകര്യങ്ങളും ഒരുക്കി. കെട്ടിടം തുറന്നു കൊടുക്കണമെങ്കിൽ കൂടുതൽ ജീവനക്കാരെ നിയമിക്കണം. അതാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്.
സ്ത്രീകളെയും കുട്ടികളെയും ബാധിക്കുന്ന സകല അസുഖങ്ങൾക്കും മെഡിക്കൽ കോളേജിനോട് കിടപിടിക്കുന്ന രീതിയിൽ ആധുനിക ചികിത്സ ലഭ്യമാക്കുക എന്നതാണ് പുതിയ ബ്ലോക്ക് സ്ഥാപിക്കുക വഴി ലക്ഷ്യമിട്ടിരിക്കുന്നത്. ഗൈനക്കോളജി, ശിശുരോഗവിഭാഗം ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരെയൊക്കെ കൂടുതലായി നിയമിക്കേണ്ടതുണ്ട്. നിലവിൽ ആശുപത്രിയുടെ പ്രവർത്തനം 30 വർഷം മുമ്പുള്ള സ്റ്റാഫ് പാറ്റേൺ അനുസരിച്ചാണ്. ഒ.പി, ഐ.പി, ഫാർമസി ഉൾപ്പെടെ സകല മേഖലകളിലും ജീവനക്കാരുടെ കുറവ് ആശുപത്രിയിയിലെത്തുന്ന രോഗികളെ ചുറ്റിക്കുകയാണ്. ഇക്കാര്യം ഒരു മാസം മുമ്പ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് നിരവധി തവണ സർക്കാറിലേക്ക് നിവേദനങ്ങൾ കൊടുത്തു. ഒരു ഫലവും ഉണ്ടായില്ല. കൂടുതൽ ജീവനക്കാരെ നിയമിക്കാനുള്ള ഒരുക്കങ്ങൾ സർക്കാർ നടത്തുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രി വീണ ജോർജ് അന്ന് മറുപടി നൽകിയത്. അമ്മയും കുഞ്ഞും ആശുപത്രി ഉടൻ തുറക്കാൻ അവിടെയും ജീവനക്കാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
ഏതാനും മാസങ്ങളായി പഴയ കെട്ടിടത്തിലാണ് ഒ.പി പ്രവർത്തിപ്പിക്കുന്നത്. പൊതുവേ സൗകര്യം കുറഞ്ഞ കെട്ടിടത്തിലെ ഒ.പിയിലേക്ക് രോഗികളുടെ തള്ളിക്കയറ്റം വലിയ പ്രയാസമാണുണ്ടാക്കുന്നത്. അമ്മയും കുഞ്ഞും ബ്ലോക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഒ.പി ബ്ലോക്കിലെ തിരക്കിൽ വലിയ കുറവ് ഉണ്ടാകുമെന്ന് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ പറഞ്ഞു. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പലതവണ സർക്കാറിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് വ്യക്തമാക്കി.
കഴിഞ്ഞവർഷം ആരോഗ്യ മന്ത്രി ആശുപത്രി സന്ദർശിച്ചപ്പോൾ കൂടുതൽ ജീവനക്കാരെ നിയമിക്കേണ്ടത് സംബന്ധിച്ച് മുസ് ലിംലീഗ് ആരോഗ്യ മന്ത്രിയോട് പരാതി ഉന്നയിച്ചിരുന്നു. മൂന്നു മാസത്തിനുള്ളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നാണ് അന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നതെന്ന് മുസ് ലിംലീഗ് നേതാവ് എം.എ. അസൈനാർ ഹാജി പറഞ്ഞു. ഇക്കാര്യമുന്നയിച്ച് ലീഗ് സമരം നടത്താൻ തീരുമാനിച്ചിരുന്നതായും ചൂരൽമലയിലെ ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ തൽക്കാലം സമരം മാറ്റിവെച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.