സുൽത്താൻബത്തേരി: വനം, വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ കഴുകന്മാരുടെ കണക്കെടുപ്പ് പൂർത്തിയായി. ആകെ121 കഴുകന്മാർ ഉണ്ടെന്നതാണ് പുതിയ റിപ്പോർട്ട്. ചുട്ടി കഴുകൻ, കാതില കഴുകൻ, ഇന്ത്യൻ കഴുകൻ എന്നീ ഇനങ്ങളിൽപെട്ടതാണ് കണ്ടെത്തിയവയിൽ കൂടുതലും. വയനാട് വൈൽഡ് ലൈഫ് ഡിവിഷന്റെ നേതൃത്വത്തിൽ കേരളം, കർണാടകം, തമിഴ്നാട് വനംവകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാണ് രണ്ടാമത് കഴുകൻ സർവേ നടത്തിയത്.
ജില്ലയിലെ മൂന്ന് ഡിവിഷനുകളെ 18 ക്യാമ്പുകളായി തിരിച്ചായിരുന്നു നിരീക്ഷണം. ഓരോ ക്യാമ്പിനും ഒരു മുഖ്യകേന്ദ്രവും നാല് നിരീക്ഷണ സെഷനുകളുമായാണ് സർവേ നടത്തിയത്. എല്ലാ ക്യാമ്പുകൾക്ക് കീഴിലും കഴുകനെ കണ്ടെത്തി എന്ന പ്രത്യേകത ഇത്തവണത്തെ സർവേക്കുണ്ട്. വയനാട് വന്യജീവി സങ്കേതത്തിൽപ്പെട്ട ദൊഡ്ഡക്കുളശിയിലാണ് ഏറ്റവും കൂടുതൽ കഴുകന്മാരെ കണ്ടെത്തിയത്. രാവിലെ 9.30 മുതൽ 11.30 വരെയും ഉച്ചക്ക് ഒന്നു മുതൽ മൂന്നുവരെയുമായിരുന്നു നിരീക്ഷണം. കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, കാലിക്കറ്റ് സർവകലാശാല, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാല, സർ സയ്യിദ് കോളജ് തളിപ്പറമ്പ്, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ്, ആരണ്യകം നാച്വറൽ ഹിസ്റ്ററി സൊസൈറ്റി എന്നിവർ കഴുകൻ നിരീക്ഷണത്തിൽ പങ്കെടുത്തു.
വിവിധ ഗവേഷണ സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്ത 65 പേരാണ് സർവേയിൽ പങ്കാളികളായത്. ഇവരോടൊപ്പം 40 വനംവകുപ്പ് ജീവനക്കാരും പങ്കെടുത്തു. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പാലക്കാട്) പി. മുഹമ്മദ് ഷബാബ് സർവേ ഉദ്ഘാടനം ചെയ്തു. വയനാട് വൈൽഡ്ലൈ ലൈഫ് വാർഡൻ ജി. ദിനേഷ്കുമാർ അധ്യക്ഷത വഹിച്ചു. പക്ഷി ശാസ്ത്രജ്ഞൻ സത്യൻ മേപ്പയ്യൂർ റാപ്റ്റർ ഐഡന്റിഫിക്കേഷനെക്കുറിച്ച് ക്ലാസെടുത്തു.
വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ കൺസർവേഷൻ ബയോളജിസ്റ്റ് ഒ. വിഷ്ണു, സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.