സുൽത്താൻ ബത്തേരി: താളൂർ- ബത്തേരി റോഡ് പണി ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി കോളിയാടിയിൽ നടത്തുന്ന നിരാഹാര സമരത്തിന് വൻ ജനപങ്കാളിത്തം. ഞായറാഴ്ച നൂറുകണക്കിന് ആളുകളാണ് ഇവിടേക്ക് പിന്തുണയുമായി എത്തിയത്. ആറുദിവസം നിരാഹാരം സമരം നടത്തിയയാളെ ആശുപത്രിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് നാടകീയ രംഗങ്ങൾ അരങ്ങേറി.
തുടക്കം മുതൽ നിരാഹാരം കിടന്ന ഇല്യാസ് ബാപ്പുട്ടിയുടെ ആരോഗ്യനിലയാണ് ഞായറാഴ്ച രാവിലെയോടെ വഷളായത്. ഡോക്ടർ പരിശോധിച്ച് ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിർദേശിച്ചു. എന്നാൽ, ആംബുലൻസ് ഉണ്ടായിരുന്നില്ല. ഇതോടെ രോഷാകുലരായ സമരസമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് പിക് അപ് ലോറിയുടെ പുറകിൽ കിടത്തിയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബത്തേരി ഗാന്ധി ജംഗ്ഷനിൽ എത്തിയതോടെ ഇല്യാസ് ബാപ്പുട്ടിയെ റോഡിൽ കിടത്തി സമരക്കാർ പ്രതിഷേധിച്ചു. ഏകദേശം 15 മിനിറ്റ് റോഡ് തടഞ്ഞശേഷം അദ്ദേഹത്തെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സമരസമിതി പ്രവർത്തകരുമായി ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ചർച്ച നടത്തിയിരുന്നു. നിരാഹാര സമര സ്ഥലത്ത് 24 മണിക്കൂറും ആംബുലൻസ് സേവനം ഉൾപ്പെടെയുള്ളവ അന്ന് വാഗ്ദാനം ചെയ്തിരുന്നു. ഞായറാഴ്ച രാവിലെ ആംബുലൻസ് ഉണ്ടായിരുന്നില്ല. ഇല്യാസ് ബാപ്പുട്ടിക്ക് പകരം ബേബി ചെറുമാട് നിരാഹാരം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.