സുൽത്താൻ ബത്തേരി: വനയോര പ്രദേശങ്ങളായ വടക്കനാട്, പള്ളിവയൽ എന്നിവിടങ്ങളിൽ കടുവഭീതി ഒഴിയുന്നില്ല. രണ്ടാഴ്ചയിലേറെയായി കടുവസാന്നിധ്യം തുടങ്ങിയിട്ട്. ഏതാനും ദിവസം മുമ്പാണ് വനം വകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചത്. കൂടുകൾക്ക് അടുത്തുവരെ കടുവ എത്തുന്നുണ്ടെങ്കിലും അകത്തുകയറാൻ തയാറാവുന്നില്ല. വടക്കനാട് മേഖലയിലെ അമ്പതേക്കർ, അമ്മവയൽ എന്നിവിടങ്ങളിലാണ് കൂട് സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം കൂടിന് അടുത്തുവരെ കടുവ എത്തിയതായി പ്രദേശവാസികളിൽ ചിലർ പറഞ്ഞു. മൂരിക്കിടാവ്, ആട് എന്നിവയെയാണ് കൂടുകളിൽ ഇരയായി വെച്ചത്. കൂടുകൾക്ക് സമീപം വനം വകുപ്പ് സ്ഥാപിച്ച കാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങൾ കടുവയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. രണ്ടാഴ്ചമുമ്പ് കടുവസാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതോടെ കൂടുവെക്കാൻ വനം വകുപ്പ് നിർബന്ധിതരാവുകയായിരുന്നു.
അള്ളവയൽ, തവക്കൊല്ലി, കരിപ്പൂർ എന്നിവിടങ്ങളിലൊക്കെ കടുവ ചുറ്റിത്തിരിയുകയാണ്. കഴുത്തിന് മുറിവേറ്റ കടുവയുടെ ആരോഗ്യം മോശമാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കാട്ടിൽ ഇരതേടാൻ സാധിക്കാത്തതിനാലാണ് കടുവ കാടിന് പുറത്തിറങ്ങി ജനവാസകേന്ദ്രത്തിൽ തങ്ങുന്നത്. ഏതാനും വർഷം മുമ്പാണ് വടക്കനാട് പച്ചാടിയിൽ ജഡയൻ എന്ന ആദിവാസി യുവാവിനെ കടുവ കടിച്ചുകൊന്നത്. കുറിച്യാട് റേഞ്ചിൽപ്പെട്ട സ്ഥലത്ത് ബാബുരാജ് എന്ന യുവാവിനെയും ആക്രമിച്ച ചരിത്രമുണ്ട്. അതിനാൽ ഇപ്പോഴത്തെ കടുവസാന്നിധ്യം നാട്ടുകാരെ ഏറെ ഭീതിയിലാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.