സുൽത്താൻ ബത്തേരി: മന്ദംകൊല്ലിയിലെ കടുവപ്പേടി ഒഴിയുന്നില്ല. അമ്മക്കടുവ കുഞ്ഞിനെ അന്വേഷിച്ച് പ്രദേശത്ത് ചുറ്റിക്കറങ്ങുന്നതായ അഭ്യൂഹം ജനങ്ങളിൽ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ ബീനാച്ചി മന്ദംകൊല്ലിയിൽ നിന്നും പിടികൂടിയ കടുവക്കുട്ടിയെ അമ്മക്കടുവയുടെ അടുത്തെത്തിച്ചതായി വനം വകുപ്പ് ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.
അമ്മക്കടുവയുടെ സാന്നിധ്യം നിരീക്ഷിച്ച് കടുവക്കുട്ടിയെ കാട്ടിൽ തുറന്നു വിട്ടതായാണ് വനം വകുപ്പിലെ ഉന്നതർ പറഞ്ഞത്. എന്നാൽ വെള്ളിയാഴ്ചക്ക് ശേഷം നാലഞ്ച് ദിവസം പ്രദേശത്ത് അമ്മക്കടുവ കുഞ്ഞിനെ അന്വേഷിച്ച് എത്തിയതായി നാട്ടുകാർ പറയുന്നു. കർഷക സംഘടനയായ കിഫ മന്ദംകൊല്ലിയിൽ സ്ഥാപിച്ച കാമറയിൽ കഴിഞ്ഞ ദിവസം കടുവ ഒറ്റയ്ക്ക് നടന്നു പോകുന്ന ചിത്രം പതിഞ്ഞത് വനം വകുപ്പിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
കടുവക്കുട്ടി അമ്മക്കടുവയുടെ കൂടെ എത്തിയോ എന്നതിലാണ് ഇപ്പോൾ സംശയം.അമ്മക്കടുവയോടൊപ്പം കൂടുതൽ കുഞ്ഞുങ്ങളുണ്ടാകാമെന്ന സംശയം ആദ്യ ദിവസം തന്നെ ഉണ്ടായിരുന്നു. ആറു മാസം മാത്രം പ്രായമായതിനാൽ കടുവക്കുട്ടിയെ അമ്മക്കടുവയെ ഏൽപിക്കാതെ കാട്ടിൽ തുറന്നു വിട്ടാൽ മറ്റ് മൃഗങ്ങൾ ആക്രമിക്കുമെന്ന നിലപാടാണ് വനം വകുപ്പിനുണ്ടായിരുന്നത്. കുപ്പാടി വനം ഓഫിസിലെത്തിച്ച കടുവക്കുട്ടിയെ ചെതലയം വനത്തിലൂടെ മന്ദംകൊല്ലിക്കടുത്തെത്തിച്ചാണ് തുറന്നു വിട്ടത്. അതേസമയം, മന്ദംകൊല്ലി ഭാഗത്ത് അമ്മക്കടുവ തങ്ങുന്നതായി കരുതുന്നില്ലെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്ന പറഞ്ഞു.
മന്ദംകൊല്ലി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വനംവകുപ്പ് പട്രോളിങ് കാര്യമായി നടത്തുന്നുണ്ട്. നാട്ടുകാർ ആവശ്യപ്പെട്ടാൽ വനം വകുപ്പ് കൂടുതൽ നടപടികൾ കൈക്കൊള്ളുമെന്നും ഡി.എഫ്.ഒ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.