മ​ന്ദം​കൊ​ല്ലി​യി​ൽ കു​ഴി​യി​ൽ വീ​ണ ക​ടു​വ​ക്കു​ഞ്ഞ് (ഫ​യ​ൽ ചി​ത്രം)

കടുവക്കുഞ്ഞിനെ തുറന്നുവിട്ട സംഭവം; വനം വകുപ്പിനെതിരെ കിഫ

സുൽത്താൻ ബത്തേരി: ഫെബ്രുവരി 18ന് മന്ദംകൊല്ലിയിൽ കുഴിയിൽ വീണ കടുവയെ പിടികൂടി കാട്ടിൽ തുറന്നുവിട്ട സംഭവത്തിൽ വനം വകുപ്പിനെതിരെ കർഷക സംഘടനയായ കിഫ. കാട്ടിൽ കടുവക്കുഞ്ഞിനെ തുറന്നുവിട്ടതിന് വനം വകുപ്പിന്റെ പക്കൽ ഒരു തെളിവുമില്ലെന്നും, അതിനാൽ കടുവയെ തുറന്നുവിട്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നുമാണ് കിഫ ഭാരവാഹികൾ പറയുന്നത്. എന്നാൽ, കടുവയെ കുപ്പാടി കാട്ടിൽ അമ്മക്കടുവയുടെ അടുത്തേക്ക് തുറന്നുവിട്ടുവെന്നാണ് വനം വകുപ്പ് അധികാരികൾ വ്യക്തമാക്കിയത്.

വിവരാവകാശ നിയമപ്രകാരം കിഫ 15 ചോദ്യങ്ങൾ വനം വകുപ്പിന് സമർപ്പിച്ചിരുന്നു. ഇതിൽ 10 എണ്ണത്തിലും വ്യക്തമായ ഉത്തരമില്ല. കടുവ കുഞ്ഞിനെ എപ്പോൾ, എവിടെ, എങ്ങനെ, തുറന്നുവിട്ടുവെന്നോ, അതിനു നേതൃത്വം നൽകിയ ജീവനക്കാരുടെ പേരുവിവരങ്ങളോ വനം വകുപ്പിന്റെ പക്കലില്ല. തുറന്നുവിടുന്നതിന്റെ ഫോട്ടോയും ഇല്ല. ഇങ്ങനെയുള്ള നടപടികൾക്ക് നേതൃത്വം കൊടുക്കേണ്ട നിരീക്ഷണ കമ്മിറ്റിയിൽ ജനപ്രതിനിധികളോ പൊതുജനങ്ങളോ ഇല്ല. കമ്മിറ്റി മിനുട്സോ രേഖകളോ ലഭ്യമല്ല. കടുവയെ വനത്തിലേക്ക് കൊണ്ടുപോയ വാഹനത്തിന്റെ വിവരങ്ങളും ലോഗ് ബുക്ക് എൻട്രിയും സംബന്ധിച്ച വിവരങ്ങളും ലഭ്യമല്ലെന്നാണ് വിവരാവകാശ നിയമത്തിൽ കിഫക്ക് ലഭിച്ച മറുപടി. കടുവക്കുഞ്ഞ് കുഴിയിൽ വീണ മന്ദംകൊല്ലിയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കിഫ കാമറ സ്ഥാപിച്ചിരുന്നു. തുറന്നുവിട്ടുവെന്ന് വനംവകുപ്പ് പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷവും തള്ളക്കടുവ കുഞ്ഞിനെത്തേടി മന്ദംകൊല്ലിയിലെ തോട്ടത്തിൽ എത്തിയിരുന്നു. കിഫ സ്ഥാപിച്ച കാമറയിൽ തള്ളക്കടുവയുടെ ചിത്രം പതിയുകയും ചെയ്തു. എന്നാൽ, തള്ളക്കടുവയല്ല മന്ദംകൊല്ലിയിൽ എത്തുന്നതെന്ന വിശ്വാസമാണ് വനം വകുപ്പിന്റെ ഉന്നതർക്കുള്ളത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്ക് കിഫ ഭാരവാഹികൾ പരാതി കൊടുത്തു. തുടർന്ന് കേരള ചീഫ് വൈൽഡ് ലൈഫ് വാർഡനോട് സത്യാവസ്ഥ ബോധിപ്പിക്കാൻ എൻ.ടി.സി.എ കത്ത് കൊടുത്തതായിട്ടാണ് പുറത്തുവരുന്ന വിവരം.

അതേസമയം, കഴിഞ്ഞ ഒരാഴ്ചയായി മന്ദംകൊല്ലിയിൽ കടുവ സാന്നിധ്യം ഇല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. അതിന് തൊട്ടുമുമ്പുവരെ രാത്രി കടുവയുടെ മുരൾച്ച കേൾക്കാമായിരുന്നു. വനം വകുപ്പിന്റെ കാവലും ഉണ്ടായിരുന്നു.

Tags:    
News Summary - tiger cub released; KIFA against Forest Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.